പട്ടികജാതി സംവരണം; കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു
text_fieldsജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻ ദാസ് പട്ടികജാതി സർവേ റിപ്പോർട്ട് തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറുന്നു
ബംഗളൂരു: കർണാടക സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടികജാതി വിഭാഗക്കാർക്ക് സംവരണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിയോഗിച്ച ഏകാംഗ കമീഷൻ ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻ ദാസ് പട്ടികജാതി സർവേ റിപ്പോർട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചു.
വ്യാഴാഴ്ച നടക്കുന്ന മന്ത്രിസഭ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കുമെന്ന് സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘‘റിപ്പോർട്ട് സമർപ്പിച്ചു. ആഗസ്റ്റ് ഏഴിന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ച് തീരുമാനമെടുക്കും’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
1766 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചതായി ജസ്റ്റിസ് എച്ച്.എൻ. നാഗമോഹൻദാസ് പറഞ്ഞു. സംസ്ഥാനത്തുനിന്ന് 27,24,768 പട്ടികജാതി കുടുംബങ്ങളും 1,07,01,982 വ്യക്തികളും സർവേയിൽ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു. ‘‘ഈ ഘട്ടത്തിൽ, ഇത് സംസ്ഥാന സർക്കാറിന്റെ സ്വത്താണ്. എനിക്ക് അതിൽ ഒരു നിയന്ത്രണവുമില്ല. അതിന്റെ ഉള്ളടക്കവും അത് സ്വീകരിക്കണോ വേണ്ടയോ എന്ന തീരുമാനവും പൂർണമായും സംസ്ഥാന സർക്കാറിനാണ്’’ - ജസ്റ്റിസ് നാഗമോഹൻദാസ് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി ഒന്നിന് സംസ്ഥാന സർക്കാർ തന്റെ നേതൃത്വത്തിൽ കമീഷൻ രൂപവത്കരിച്ചുവെന്നും മാർച്ച് 27ന് ഡേറ്റയിൽ വ്യക്തതയില്ലെന്ന് വ്യക്തമാക്കി ഒരു ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചതായും പുതിയ സർവേ നടത്താൻ ശിപാർശ ചെയ്തതായും വിരമിച്ച ഹൈകോടതി ജഡ്ജി പറഞ്ഞു.
അതേദിവസംതന്നെ സംസ്ഥാന മന്ത്രിസഭയും പുതിയ സർവേക്ക് ഉത്തരവിട്ടു. മേയ് അഞ്ച് മുതൽ ജൂലൈ ആറ് വരെ സർവേ നടന്നു. ബംഗളൂരു നഗരത്തിലെ സർവേ പല സമയങ്ങളിലായി നീട്ടിയതാണ് പട്ടികജാതി സർവേ റിപ്പോർട്ട് സമർപ്പിക്കുന്നത് വൈകിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

