‘സേവ് ബന്ദിപ്പൂർ’ കാമ്പയിൻ; ധർണ നടത്തി
text_fieldsസേവ് ബന്ദിപ്പൂർ കാമ്പയിനിന്റെ ഭാഗമായി മൈസൂരുവിൽ ശനിയാഴ്ച നടന്ന ധർണ
ബംഗളൂരു: നിലമ്പൂർ-നഞ്ചൻകോട് റെയിൽപാതക്കായി കേരള സർക്കാർ ആകാശ സർവേ നടത്തുന്നതിനെതിരെ ‘സേവ് ബന്ദിപ്പൂർ’ കാമ്പയിനിന്റെ ഭാഗമായി മൈസൂരുവിൽ ധർണ നടത്തി. മൈസൂരു കേന്ദ്രമായ ഗന്ധദ ഗുഡി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും വിദ്യാർഥികളുമടക്കമുള്ളവർ ഓൾഡ് ഡെപ്യൂട്ടി കമീഷണർ ഓഫിസിന് മുന്നിൽ നടന്ന ധർണയിൽ പങ്കെടുത്തു.
നിർദിഷ്ട പദ്ധതിയിൽനിന്ന് പിന്മാറാൻ കേരള സർക്കാറിൽ സമ്മർദം ചെലുത്തണമെന്ന് പ്രതിഷേധക്കാർ കർണാടക സർക്കാറിനോട് ആവശ്യപ്പെട്ടു. വന്യജീവികളുടെ സുരക്ഷ കണക്കിലെടുത്ത് ബന്ദിപ്പൂർ പാതയിലെ രാത്രിയാത്ര നിരോധനം നീക്കരുതെന്നും ബന്ദിപ്പൂർ, നാഗർഹോളെ വനപാതകൾ വികസിപ്പിക്കരുതെന്നും സമരക്കാർ ആവശ്യപ്പെട്ടു. ഫൗണ്ടേഷൻ പ്രസിഡന്റ് ആര്യൻ, വൈസ് പ്രസിഡന്റ് കുമാര ഗൗഡ തുടങ്ങിയവർ നേതൃത്വം നൽകി. സമൂഹമാധ്യമങ്ങളിലും ‘സേവ് ബന്ദിപ്പൂർ’ കാമ്പയിൻ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

