സ്വാതന്ത്ര്യദിനത്തിൽ സവർക്കറുടെ ചിത്രം: രാജസ്ഥാൻ സ്വദേശിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹക്കേസ്
text_fieldsബംഗളൂരു: ആർ.എസ്.എസ് നേതാവായിരുന്ന വി.ഡി. സവർക്കറുടെ ചിത്രം സ്വാതന്ത്ര്യദിനത്തിൽ ശിവമൊഗ്ഗയിൽ ഉയർത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രാജസ്ഥാൻ സ്വദേശിയെ കുത്തിയ സംഭവത്തിൽ നാല് പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി. തൻവീർ അഹമ്മദ് (22), നദീം ഫൈസൽ (25), അബ്ദുൽ റഹ്മാൻ (25), മുഹമ്മദ് ജാബി (30) എന്നിവർക്കെതിരെയാണ് ശിവമൊഗ്ഗ പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്.
രാജസ്ഥാൻ സ്വദേശിയായ പ്രേം സിങ്ങിനാണ് (20) കുത്തേറ്റത്. അന്വേഷണത്തിൽ മൗലികവാദ പ്രവർത്തനങ്ങളുടെ ഭാഗമായാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയതിനാലാണ് രാജ്യദ്രോഹക്കേസ് ചുമത്തിയതെന്ന് ശിവമൊഗ്ഗ എസ്.പി ബി.എം. ലക്ഷ്മി പ്രസാദ് പറഞ്ഞു.
പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിലൊരാളായ ജാബിയെ പൊലീസ് വെടിവെച്ച് പിടികൂടുകയായിരുന്നു. ഇയാൾ ശിവമൊഗ്ഗ മക്ഗൻ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റു മൂന്നു പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കുത്തേറ്റ പ്രേം സിങ് സുഖം പ്രാപിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.