അന്ധവിശ്വാസത്തിനെതിരായ പോരാട്ടം രാഹുകാലത്തിൽ പത്രിക സമർപ്പിച്ച് സതീഷ് ജാർക്കിഹോളി
text_fieldsസതീഷ് ജാർക്കിഹോളി
ബംഗളൂരു: നാമനിർദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർഥികൾ മുഹൂർത്തം കാത്തിരിക്കുന്നത് പതിവായ കാലത്ത് രാഹുകാലത്തിൽ പത്രിക സമർപ്പിച്ച് കോൺഗ്രസ് നേതാവ് സതീഷ് ജാർക്കിഹോളി. അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടത്തിന് നേതൃത്വംനൽകുന്ന സതീഷ് ജാർക്കിഹോളി ബെളഗാവിയിലെ യമകനമാറാടി മണ്ഡലത്തിൽനിന്നാണ് മത്സരിക്കുന്നത്. പഞ്ചാംഗമനുസരിച്ച് ഏപ്രിൽ 20 വ്യാഴാഴ്ച ഉച്ചക്ക് 1.49 നും 3.22നും ഇടയിൽ രാഹുകാലമാണ്. മോശം സമയമായി കാണുന്നതിനാൽ പൊതുവെ ആരും ഈ സമയത്ത് പത്രിക സമർപ്പിക്കാറില്ല. എന്നാൽ, സതീഷ് ജാർക്കിഹോളി വൈകീട്ട് മൂന്നിന് ഏതാനും മിനിറ്റ് മുമ്പ് ഹുക്കേരിയിലെ തഹസിൽദാറുടെ ഓഫിസിലെത്തി പത്രിക നൽകുകയായിരുന്നു. അഞ്ചു പ്രവർത്തകർ മാത്രമാണ് കൂടെയുണ്ടായിരുന്നത്. ഇത് തന്റെ നാലാമത്തെ തെരഞ്ഞെടുപ്പാണെന്നും കഴിഞ്ഞ തവണയും രാഹുകാലത്തിലാണ് പത്രിക നൽകിയതെന്നും അദ്ദേഹം വ്യകതമാക്കി.
അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിക്കുന്ന മാനവ ബന്ധുത്വ വേദികെ എന്ന സംഘടനയുടെ സ്ഥാപകൻ കൂടിയാണ് സതീഷ് ജാർക്കിഹോളി. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശ്മശാനത്തിൽനിന്ന് തുടക്കമിടുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അന്ധവിശ്വാസത്തെ കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താൻ മുമ്പ് അദ്ദേഹം ശ്മശാനത്തിൽ കിടന്നുറങ്ങിയിരുന്നു.
2019ൽ കോൺഗ്രസ്- ജെ.ഡി-എസ് സഖ്യസർക്കാറിനെ അട്ടിമറിച്ച ഓപറേഷൻ താമരയിൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയ നേതാവായ രമേശ് ജാർക്കിഹോളിയുടെ സഹോദരനാണ് സതീഷ് ജാർക്കിഹോളി. ഇവരുടെ മറ്റൊരു സഹോദരനായ ബാലചന്ദ്ര ജാർക്കിഹോളി ബി.ജെ.പി എം.എൽ.എയും കർണാടക മിൽക് ഫെഡറേഷൻ (കെ.എം.എഫ്) പ്രസിഡന്റുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

