സർക്കാർ ആശുപത്രികളിൽനിന്ന് സഞ്ജീവനി സ്റ്റോറുകളും ഒഴിപ്പിക്കും
text_fieldsആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു
ബംഗളൂരു: സർക്കാർ ആശുപത്രികളിൽനിന്ന് ജൻ ഔഷധി കേന്ദ്രങ്ങൾക്കു പുറമെ, സഞ്ജീവനി സ്റ്റോറുകളും ഒഴിപ്പിക്കുമെന്ന് കർണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ഇതിൽ ഒരു രാഷ്ട്രീയ അജണ്ടയുമില്ലെന്നും സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ഗുണമേന്മയുള്ള മരുന്നുകൾ സൗജന്യമായി നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആശുപത്രികളിലെ ജൻ ഔഷധി കേന്ദ്രങ്ങൾ നിർത്തലാക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെ, തേജസ്വി സൂര്യ എം.പി എന്നിവർ രംഗത്തുവന്നിരുന്നു. ജൻ ഔഷധി ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണെന്നതിന്റെ പേരിൽ ഒരു രാഷ്ട്രീയ അജണ്ടയും തീരുമാനത്തിലില്ലെന്ന് മന്ത്രി വ്യക്തമാക്കി. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
എല്ലാ ജൻ ഔഷധി കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ സർക്കാർ പദ്ധതിയിടുന്നില്ലെന്നും സർക്കാർ ആശുപത്രികൾക്കുള്ളിലുള്ളവ മാത്രമേ അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. 1400 ജൻ ഔഷധി കേന്ദ്രങ്ങളിൽ, സർക്കാർ ആശുപത്രികളിൽ സ്ഥിതിചെയ്യുന്ന 180 കേന്ദ്രങ്ങൾ മാത്രമേ അടച്ചുപൂട്ടാൻ പരിഗണിക്കുന്നുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗജന്യ മരുന്നുകൾ സർക്കാർ നൽകുമ്പോൾ സർക്കാർ ആശുപത്രികൾ മരുന്ന് വിൽപന അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
ജൻ ഔഷധി കേന്ദ്രങ്ങൾ ജനറിക് മരുന്നുകൾ മാത്രമേ വിൽക്കാവൂ എന്നും, എന്നാൽ ചില കേന്ദ്രങ്ങൾ ബ്രാൻഡഡ് മരുന്നുകൾ വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ക്ഷാമമില്ലെന്നും ആവശ്യമെങ്കിൽ ബ്യൂറോ ഓഫ് ഫാർമ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് (ബി.പി.പി.ഐ) മരുന്നുകൾ വാങ്ങാൻ ജില്ല ആരോഗ്യ അധികാരികൾക്ക് അധികാരം നൽകിയിട്ടുണ്ടെന്നും റാവു ഉറപ്പുനൽകി. സർക്കാർ ആശുപത്രികളിൽനിന്ന് സൗജന്യ മരുന്നുകൾ ലഭ്യമാക്കണമെന്നും പുറത്തുനിന്ന് വാങ്ങേണ്ട മരുന്നുകൾ ഡോക്ടർമാർ നിർദേശിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

