കശാപ്പുകാരന് പശുവിനെ വിറ്റു; സംഘ് പരിവാർ പ്രവർത്തകൻ അറസ്റ്റിൽ
text_fieldsശിവപ്രസാദ്
മംഗളൂരു: കാർക്കള റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നല്ലൂരിൽ അനധികൃത അറവുശാലയിൽ പശുവിനെയും കിടാവിനെയും വിറ്റ സംഘ്പരിവാർ പ്രവർത്തകനെ അറസ്റ്റ് ചെയ്തു. നല്ലൂർ സ്വദേശി അന്നു മടിവാള എന്ന ശിവപ്രസാദാണ് (28) അറസ്റ്റിലായത്. കഴിഞ്ഞ മാസം 12ന് കാർക്കള റൂറൽ പൊലീസ് നല്ലൂരിൽ വീട് റെയ്ഡ് ചെയ്ത്, അനധികൃത കശാപ്പ് ശാല നടത്തിയിരുന്നുവെന്നാരോപിച്ച് അഷ്റഫ് അലിയെയും ഭാര്യയെയും അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടർന്ന് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ പ്രവർത്തകർ പ്രകടനം നടത്തി.
പശുവിനെയും കിടാവിനെയും മോഷ്ടിച്ച് വീട്ടിൽ അറുത്തുവെന്ന് ആരോപിച്ച പ്രകടനക്കാർ നിയമവിരുദ്ധ പ്രവർത്തനം നടക്കുന്ന വീട് സർക്കാർ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണം ഊർജിതമാക്കിയ പൊലീസ് അറസ്റ്റിലായ ദമ്പതികളെ ചോദ്യം ചെയ്തപ്പോൾ ബജ്റംഗ്ദൾ പ്രവർത്തകനായ ശിവപ്രസാദാണ് പശുവിനെയും കിടാവിനെയും തങ്ങൾക്ക് വിറ്റതെന്ന് പൊലീസിനോട് വെളിപ്പെടുത്തി. മറ്റുള്ളവരിൽ നിന്ന് മൃഗങ്ങളെ വാങ്ങി ശിവപ്രസാദ് പിന്നീട് അഷ്റഫ് അലിക്ക് വിൽക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

