സംഘ്പരിവാർ നേതാക്കളായ ശരണിന് ചിക്കമഗളൂരിലും സതീഷിന് ഉഡുപ്പിയിലും വിലക്ക്
text_fieldsമംഗളൂരു: വിശ്വഹിന്ദു പരിഷത്ത് മേഖല കൺവീനർ ശരൺ പമ്പ്വെൽ ചിക്കമഗളൂരു ജില്ലയിൽ പ്രവേശിക്കുന്നതിന് ജില്ല ഭരണകൂടം ഒരു മാസത്തെ വിലക്ക് ഏർപ്പെടുത്തി. ആഗസ്റ്റ് നാല് വരെ അദ്ദേഹത്തിന്റെ ജില്ല സന്ദർശനം വിലക്കി ചിക്കമഗളൂരു ഡെപ്യൂട്ടി കമീഷണർ മീന നാഗരാജ് ഉത്തരവ് പുറപ്പെടുവിച്ചു.‘
‘പൊതുയോഗങ്ങൾ നടത്തുന്നതിനായി പമ്പ്വെല്ലിനെ ജില്ലയിലേക്ക് കൊണ്ടുവരാൻ ചില സംഘടനകൾ പദ്ധതിയിടുന്നതായി ഇന്റലിജൻസ് വിവരം ലഭിച്ചിട്ടുണ്ട്. ക്രമസമാധാനം തകർക്കാൻ സാധ്യതയുള്ള പ്രകോപനപരമായ പ്രസംഗകനായി അദ്ദേഹം അറിയപ്പെടുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 22ലധികം കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്” -ഉത്തരവിൽ പറയുന്നു.എസ്.പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഡി.സി ഉത്തരവ് പുറപ്പെടുവിച്ചു.
അതേസമയം, ദാവണഗരെയിൽനിന്നുള്ള തെരുവുഗുണ്ടയും ഹിന്ദു ജാഗരണ വേദി നേതാവുമായ സതീഷ് പൂജാരിയെ സെപ്റ്റംബർ ഏഴ് വരെ ഉഡുപ്പി ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഡെപ്യൂട്ടി കമീഷണർ സ്വരൂപ ടി.കെ ഉത്തരവ് പുറപ്പെടുവിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്) സെക്ഷൻ 163 പ്രകാരമാണ് സമാധാനം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള പ്രതിരോധ ഉത്തരവ് പാസാക്കിയത്.
പൂജാരിക്കെതിരെ 19 ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗണേശ ചതുർഥി, കൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളിൽ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്താൻ അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. എസ്.പി ഹരിറാം ശങ്കറിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ഡി.സി ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

