ഡോ. യെനപോയ അബ്ദുല്ല കുഞ്ഞിക്ക് സന്ദേശ അവാർഡ്
text_fieldsമൈക്കിൾ ഡിസൂസ, ഗിരീഷ് കാസറവള്ളി, ഡോ. യെനെപോയ അബ്ദുല്ല കുഞ്ഞി, ബി.ആർ. ലക്ഷ്മണ റാവു, ഐറിൻ പിന്റോ, റെമോണ ഇവറ്റ് പെരേര, ഗണേഷ് അമിൻ സങ്കമർ, ഡി.വി. രാജശേഖർ, കെ.വി. റാവു, റോഷൻ ഡിസൂസ
മംഗളൂരു: സംരംഭകൻ മൈക്കിൾ ഡിസൂസ, പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി, മികച്ച വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. യെനെപോയ അബ്ദുല്ല കുഞ്ഞി എന്നിവർ ഉൾപ്പെടെ ഈ വർഷത്തെ സന്ദേശ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു.
1947ൽ കാസർകോട് ജനിച്ച ഡോ. യെനപ്പോയ അബ്ദുല്ല കുഞ്ഞി, മൈസൂരു സർവകലാശാലയിൽനിന്ന് ആർട്സ് ബിരുദം നേടിയാണ് തന്റെ അക്കാദമിക് യാത്ര ആരംഭിച്ചത്. ഗതാഗതം, വ്യവസായം, വൈദ്യം, കായികം, സാമൂഹിക സേവനം തുടങ്ങി വൈവിധ്യ തലങ്ങളിൽ പര്യവേക്ഷണം നടത്തിയെങ്കിലും വിദ്യാഭ്യാസ മേഖലയിലാണ് നിലയുറപ്പിച്ചത്. ഇസ്ലാമിക് അക്കാദമി ഓഫ് എജുക്കേഷന്റെ ട്രസ്റ്റിയായ അദ്ദേഹം യെനെപോയ നഴ്സിങ് കോളജ്, യെനെപ്പോയ എൻജിനീയറിങ് കോളജ്, യെനെപോയ സിവിൽ സർവിസസ് അക്കാദമി തുടങ്ങിയവ സ്ഥാപിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.
യെനെപോയ കൽപിത സർവകലാശാലയുടെ ചാൻസലറായി സേവനമനുഷ്ഠിച്ച അദ്ദേഹം, മെഡിക്കൽ കോളജ്, ഡെൻറൽ കോളജ്, നഴ്സിങ് കോളജ്, ഫിസിയോതെറപ്പി കോളജ്, ഫാർമസി കോളജ്, ആർട്സ്, സയൻസ്, സ്കൂളുകൾ എന്നിവയുൾപ്പെടെ നിരവധി പ്രശസ്ത സ്ഥാപനങ്ങളുടെ പ്രേരകശക്തിയാണ്. ഡോ. അബ്ദുല്ല കുഞ്ഞി യെനെപോയ സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ്, യെനെപോയ സ്കൂൾ, യെനെപോയ പി.യു കോളജ്, മൽജഉൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂൾ, ബദ്രിയ വിദ്യാഭ്യാസ സ്ഥാപനം, തഖ്വ ഓപൺ യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളും അദ്ദേഹം കൈകാര്യം ചെയ്യുന്നു.
അവാർഡ് ജേതാക്കൾ: സാഹിത്യ അവാർഡ് (കന്നട)-ബി.ആർ ലക്ഷ്മൺ റാവു, കൊങ്കണി- ഐറിൻ പിന്റോ, തുളു- ഗണേഷ് അമിൻ സങ്കമർ. ആദരവ് അവാർഡ് -മൈക്കൽ ഡിസൂസ, മാധ്യമ അവാർഡ്- ഡി.വി. രാജശേഖർ, കൊങ്കണി സംഗീത അവാർഡ്- റോഷൻ ഡിസൂസ, കലാ അവാർഡ്- ഗിരീഷ് കാസറവള്ളി, വിദ്യാഭ്യാസ അവാർഡ്- ഡോ. യെനെപോയ അബ്ദുല്ല കുഞ്ഞി, പ്രത്യേക അംഗീകാര അവാർഡ്: കെ.വി. റാവു, ടാലന്റ് അവാർഡ്- റെമോണ ഇവറ്റ് പെരേര. അവാർഡ് വിതരണം ഫെബ്രുവരി 10ന് വൈകീട്ട് 5.30ന് മംഗളൂരുവിലെ സന്ദേശ ഇൻസ്റ്റിറ്റ്യൂട്ട് ഗ്രൗണ്ടിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

