സമസ്ത ഇഫ്താർ സംഗമം ഇന്ന്
text_fieldsബംഗളൂരു: സമസ്ത കോഓഡിനേഷൻ കൂട്ടായ്മക്കു കീഴിൽ സംഘടിപ്പിക്കുന്ന ‘ആത്മസംസ്കരണത്തിന്റെ പാതയിൽ വിശുദ്ധ റമദാനിൽ ആത്മീയതയുടെ ഒത്തുചേരൽ‘ തലക്കെട്ടിൽ സമസ്ത ഇഫ്താർ സംഗമം ശനിയാഴ്ച നടക്കും. പാലസ് ഗ്രൗണ്ടിലെ ശൃംഗാർ പാലസിൽ നടക്കുന്ന സംഗമത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പങ്കെടുക്കും. പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ അൻവർ മുഹിയുദ്ദീൻ ഹുദവി പ്രഭാഷണം നിർവഹിക്കും.
ബംഗളൂരു നഗര വികസന കോർപറേഷൻ ചെയർമാനും ശാന്തിനഗർ എം.എൽ.എയുമായ എൻ.എ. ഹാരിസ്, സമസ്ത മുശാവറ അംഗം ബംബ്രാണ അബ്ദുൽ ഖാദർ മുസ്ലിയാർ, സമസ്ത വിദ്യാഭാസ ബോർഡ് ജനറൽ മാനേജർ മോയിൻകുട്ടി മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അനീസ് കൗസരി തുടങ്ങിയവർ പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് പ്രമുഖ പണ്ഡിതന്മാരുടെ പ്രഭാഷണവും തുടർന്ന് ഇഫ്താർ, വൈകീട്ട് ഏഴിന് സമാപന സമ്മേളനം എന്നിങ്ങനെ മൂന്ന് സെഷനുകളിലായാണ് പരിപാടികൾ ക്രമീകരിച്ചതെന്ന് സംഘാടകർ അറിയിച്ചു. സമാപന സംഗമം ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.

