സമസ്ത നൂറാം വാർഷികം: സ്വാഗത സംഘം ഓഫിസ് തുറന്നു
text_fieldsസമസ്ത നൂറാം വാർഷിക ഉദ്ഘാടന സമ്മേളന സ്വാഗത സംഘം ഓഫിസ് ജെ.സി നഗറിൽ എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ആദർശ വിശുദ്ധിയോടെ ഒരു നൂറ്റാണ്ടിലേക്ക് എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 28ന് ബംഗളൂരുവിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫിസ് പ്രവർത്തനം ആരംഭിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ആദർശത്തിൽ അണുവിട വ്യത്യാസം വരുത്താതെ കർമപഥത്തിൽ നൂറ്റാണ്ട് തികക്കുമ്പോൾ സമുദായത്തിന്റെ ആത്മീയവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ സംഘടന അഭിമാനം കൊള്ളുന്നതായി അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ കർമ പദ്ധതികൾക്ക് രൂപംനൽകിയിട്ടുണ്ട്. ജെ.സി നഗറിലെ അത്ലാന്റിക് ഇൻ ഹോട്ടലിലാണ് സ്വാഗത സംഘം ഓഫിസ് പ്രവർത്തിക്കുന്നത്. സ്വാഗത സംഘം വർക്കിങ് ചെയർമാൻ സിദ്ദീഖ് തങ്ങൾ അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ മോയിൻകുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. എ.കെ. അശ്റഫ് ഹാജി, എം.കെ. നൗഷാദ്, മുസ്തഫ ഹുദവി, അയ്യൂബ് ഹസനി, അസ്ലം ഫൈസി, കെ.കെ. സലീം, വി.കെ. നാസർ ഹാജി, കെ.എച്ച്. ഫാറൂഖ്, സി.പി. സദഖത്തുല്ല, അബു ഹാജി, സി.എച്ച്. ഷാജൽ, ഈസ ടി.ടി.കെ തുടങ്ങിയവർ സംസാരിച്ചു. വർക്കിങ് കൺവീനർ പി.എം. അബ്ദുൽ ലത്തീഫ് ഹാജി സ്വാഗതവും ജോ. കൺവീനർ താഹിർ മിസ്ബാഹി നന്ദിയും പറഞ്ഞു.

