‘സമം’ ദ്രാവിഡഭാഷ നിഘണ്ടു വെബ്സൈറ്റ് ഉദ്ഘാടനം
text_fieldsബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെയും ഇൻഡിക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ ഞായറാഴ്ച ‘സമം’ ദ്രാവിഡഭാഷ നിഘണ്ടു വെബ്സൈറ്റ് ഉദ്ഘാടനം നടക്കും. ഉച്ചക്ക് 2.30ന് ദൊംലൂരിലെ ബാംഗ്ലൂർ ഇന്റർനാഷനൽ സെൻററിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യ സാംസ്കാരിക ഭാഷ കമ്പ്യൂട്ടിങ് മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. മലയാളം-കന്നഡ-തമിഴ്-തെലുഗു എന്നീ ഭാഷകളിലുള്ള ചതുർ ദ്രാവിഡ ഭാഷ നിഘണ്ടുവിന്റെ രചയിതാവായ ഞാറ്റ്യേല ശ്രീധരൻ, പത്ത് ലക്ഷത്തിലധികം വാക്കുകൾ ഉൾപ്പെട്ട ഇംഗ്ലീഷ്-മലയാളം തിസോറസിന്റെ രചയിതാവ് ഇ.കെ. കുറുപ്പ് എന്നിവരെ ചടങ്ങിൽ ആദരിക്കും. ചതുർ ദ്രാവിഡ ഭാഷ നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പായ സമം എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനവും ഇ.കെ. കുറുപ്പിന്റെ തിസോറസിനെ ഓളം ഓൺലൈൻ നിഘണ്ടുവിലേക്ക് ചേർക്കുന്നതിന്റെ പ്രഖ്യാപനവും നടക്കും.
സമം-ചതുർ ദ്രാവിഡ ഭാഷ ഓൺലൈൻ നിഘണ്ടുവിന്റെ നാലു ഭാഷകളിലുള്ള ഉള്ളടക്കം പ്രൂഫ് റീഡ് ചെയ്യുവാൻ ഇൻഡിക് ഡിജിറ്റൽ ആർകൈവ് ഫൗണ്ടേഷനും മലയാളം മിഷൻ കർണാടക ചാപ്റ്ററും ചേർന്നുള്ള സംയുക്ത ബൃഹത് പദ്ധതിയുടെ പ്രഖ്യാപനവുമുണ്ടാകും.

