നഗരത്തിൽ അലയുന്ന നാൽക്കാലികളെ നിയന്ത്രിക്കാൻ സേലം മോഡൽ നടപ്പാക്കണമെന്ന് ആവശ്യം
text_fieldsമൈസൂരു നഗരത്തിൽ റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച് അലയുന്ന നാൽക്കാലികൾ (ഫയൽ)
ബംഗളൂരു: മൈസൂരു നഗരത്തിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെ നിയന്ത്രിക്കാൻ സേലം കോർപറേഷൻ മാതൃക നടപ്പാക്കണമെന്ന് ആവശ്യം. പരിസര ഉളിസി സമിതിയാണ് ഈ ആവശ്യവുമായി മൈസൂരു സിറ്റി കോർപറേഷനെ സമീപിച്ചത്. ഇതുസംബന്ധിച്ച നിവേദനം കഴിഞ്ഞയാഴ്ച കമീഷണർ അഷാദുറഹമാൻ ശരീഫിന് പരിസര ഉളിസി സമിതി ഭാരവാഹികൾ നേരിട്ട് കൈമാറിയിരുന്നു.
സേലം കോർപറേഷനിൽ നടപ്പാക്കിയ രീതി ഫലപ്രദമായിരുന്നെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പശുക്കളെയും കാള, പോത്ത്, എരുമ, ആട് എന്നിവയെയും കെട്ടഴിച്ച് വിടുന്നതിനെതിരെ സേലം കോർപറേഷൻ പൊതുജനങ്ങൾക്ക് ആദ്യം മുന്നറിയിപ്പ് നൽകി. നിയന്ത്രണമില്ലാതെ അലയുന്നവയെ പിടികൂടി ലേലം ചെയ്യുമെന്ന് കോർപറേഷൻ അറിയിച്ചതോടെ ഉടമകൾ കന്നുകാലികളെ സംരക്ഷിക്കാൻ തുടങ്ങി. ഇതേ മാതൃക മൈസൂരു സിറ്റിയിലും നടപ്പാക്കണമെന്ന് പരിസര ഉളിസി സമിതി ആവശ്യപ്പെട്ടു. കന്നുകാലികൾ റോഡിൽ അലയുന്നത് കാൽനടയാത്രക്കാർക്കും വാഹന യാത്രികർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കന്നുകാലികളെ വളർത്തുന്നതിന് തങ്ങൾ എതിരല്ലെന്നും അതേസമയം, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാക്കുംവിധം തെരുവിൽ അഴിച്ചുവിടുന്നത് തടയണമെന്നും അവർ ആവശ്യപ്പെട്ടു.
റോഡിലൂടെ കന്നുകാലികൾ അലയുന്നത് വാഹനയാത്രക്കാർക്കും കന്നുകാലികൾക്കും അപകട ഭീഷണിയാണ്. രാത്രിയിൽ വെളിച്ചമില്ലാത്ത ഇടങ്ങളിലെ റോഡിൽ ഇവ കിടക്കുന്നത് വാഹനയാത്രികർ പലപ്പോഴും കാണാറില്ല. മൈസൂരു നഗരത്തിൽ മദർ തെരേസ റോഡ്, കെ.എസ്.ആർ.ടി.സി സബ് അർബൻ ബസ് സ്റ്റാൻഡ്, എം.ജി റോഡ്, ഇർവിൻ റോഡ്, ധന്വന്തരി റോഡ്, വിവേകാനന്ദ റോഡ്, യാദവഗിരി, വാൽമീകി റോഡ്, വിനായക നഗർ തുടങ്ങിയ ഇടങ്ങളിലെല്ലാം കന്നുകാലികളുടെ ശല്യം രൂക്ഷമാണ്. മൈസൂരു സിറ്റി കോർപറേഷന് കീഴിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിളിച്ചാൽ ഒരു നടപടിയുമില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

