അനുമതി വാങ്ങിയില്ല; ആർ.എസ്.എസിന്റെ കാവി പതാകയും പോസ്റ്ററുകളും നീക്കം ചെയ്തു
text_fieldsബംഗളൂരു: മുൻകൂർ അനുമതിയില്ലാതെ ചിറ്റാപ്പൂർ നിയമസഭ മണ്ഡലത്തിലെ ചിറ്റാപ്പൂർ ചാമരാജനഗർ നഗരങ്ങളിൽ ആർ.എസ്.എസ് സ്ഥാപിച്ച കാവി പതാകകളും പോസ്റ്ററുകളും നഗരസഭ അധികാരികളും പൊലീസും ചേർന്ന് നീക്കം ചെയ്തു.
ആർ.എസ്.എസ് സംഘടിപ്പിക്കുന്ന 'പഥ് സഞ്ചലൻ' (കാൽനട മാർച്ച്) പരിപാടിളുടെ പ്രചാരണത്തിന് സ്ഥാപിച്ചവയാണ് നീക്കം ചെയ്തത്. സംസ്ഥാനത്തുടനീളമുള്ള പൊതു ഇടങ്ങളിൽ പരിപാടികൾ നടത്തുന്നതിന് സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് കർണാടക മന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. കർണാടകയിൽ 2012-'13ൽ ബി.ജെ.പി നേതാവ് ജഗദീശ് ഷെട്ടാർ മുഖ്യമന്ത്രിയായ കാലത്ത് പുറപ്പെടുവിച്ച സർക്കുലർ പുറത്തെടുത്താണ് പൊതു ഇടങ്ങളിൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കാനുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ നീങ്ങിയത്.
പൊതുസ്ഥലത്ത് ആർ.എസ്.എസ് പ്രവർത്തനം നിരോധിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയ കർണാടക മന്ത്രിയും എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ചിറ്റാപൂർ.
ശനിയാഴ്ച പുലർച്ചെ മുതൽ ചിറ്റാപൂർ പട്ടണത്തിലെ പ്രധാന റോഡുകളിൽ പ്രദർശിപ്പിച്ചിരുന്ന ബാനറുകളും കാവിക്കൊടികളും നഗരസഭാ അധികാരികളും പൊലീസും ചേർന്ന് നീക്കം ചെയ്യാൻ തുടങ്ങിയിരുന്നു. ചാമരാജ നഗറിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിനെതിരെ ദലിത് സംഘടനകൾ നടത്തിയ പ്രതിഷേധം അധികൃതരുടെ നടപടിയിലേക്ക് നീങ്ങുകയായിരുന്നു.
'ആർ.എസ്.എസ് കൊടി ദേശീയ പതാകയല്ല. ഒരു ബി.ജെ.പി നേതാവ് വീടുകളിൽ കയറി ആക്രമിക്കുമെന്ന് പോലും ഭീഷണിപ്പെടുത്തി. അത്തരം ഭീഷണികൾക്ക് നേരെ നമ്മൾ കണ്ണടക്കണോ?, ഞാൻ പൊലീസിൽ പരാതി നൽകും. ഈ കാൽനട മാർച്ചുകൾ സംഘടിപ്പിക്കുന്നതിലൂടെ അവർ എന്നെയല്ല, മറിച്ച് നിയമത്തെയാണ് വെല്ലുവിളിക്കുന്നത്. ഭാവിയിൽ നിയമം അനുസരിക്കില്ലെന്ന് അവർ അവകാശപ്പെട്ടാൽ, പിന്നെ എന്ത് സംഭവിക്കും?'-സംഭവങ്ങളോട് മന്ത്രി പ്രിയങ്ക് ഖാർഗെ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

