നാഗസാന്ദ്ര-മാധവാര ലൈനിൽ സുരക്ഷ പരിശോധന ഉടൻ
text_fieldsബംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ ലൈനിലെ അവസാന ഭാഗമായ നാഗസാന്ദ്ര മുതൽ മാധവാര വരെ റെയിൽ സേഫ്റ്റി കമീഷണർ ഒക്ടോബർ 3, 4 തീയതികളിൽ സുരക്ഷ പരിശോധന നടത്തും.
ഒക്ടോബർ അവസാനത്തോടു കൂടി മാധവാരയിലേക്ക് സർവിസ് തുടങ്ങാനാകുമെന്നാണ് മെട്രോ അധികൃതർ പ്രതീക്ഷിക്കുന്നത്. മെട്രോ ട്രാക്ക്, അഗ്നിശമന സംവിധാനങ്ങൾ, സിഗ്നലിങ് സിസ്റ്റം, സി.സി.ടി.വി, ഗൈഡ് മാർക്കിങ്, പ്ലാറ്റ്ഫോമിനും ട്രാക്കിനുമിടയിലുള്ള അകലം തുടങ്ങിയവയാണ് റെയിൽ സേഫ്റ്റി കമീഷണർ പരിശോധിക്കുക.
3.4 കിലോമീറ്റർ ദൈർഘ്യം വരുന്ന മഞ്ജുനാഥ് നഗർ, ചിക്കബിദറക്കല്ലു, മാധവാര എന്നീ മൂന്ന് എലവേറ്റഡ് സ്റ്റേഷനുകളുള്ള ഈ ഭാഗമാണ് നമ്മ മെട്രോയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് നിർമാണം പൂർത്തീകരിച്ച ഭാഗം. ഭൂമിയേറ്റെടുക്കുന്നതിലുണ്ടായ തടസ്സങ്ങളും നിർമാണ കമ്പനി നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമാണ് നിർമാണ പ്രവർത്തനങ്ങൾ ഇത്രയും വൈകാൻ കാരണം. 2017 ഫെബ്രുവരിയിൽ 27 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് കരാർ നൽകിയത്.
91 മാസമെടുത്താണ് ഈ ഭാഗത്തെ നിർമാണം പൂർത്തിയായത്. ആഗസ്റ്റ് 12ന് സിഗ്നലിങ് ടെസ്റ്റും 17ന് ട്രയൽ റണും പൂർത്തിയായിരുന്നു. രണ്ടാഴ്ച മുമ്പാണ് സേഫ്റ്റി ക്ലിയറൻസുകൾക്കായി റെയിൽ സേഫ്റ്റി കമീഷണർക്ക് നമ്മ മെട്രോ അപേക്ഷ സമർപ്പിച്ചത്. മാധവാര സ്റ്റേഷൻ തുറക്കുന്നതോടെ തുമകൂരു റോഡിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിൻഡാൽ സിറ്റി, ബംഗളൂരു ഇന്റർനാഷനൽ എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിലേക്കും ലൈൻ തുറക്കുന്നതോടെ മെട്രോ കണക്റ്റിവിറ്റിയാകും.

