ജനസാഗരമായി സാധന സമാവേശ
text_fieldsകർണാടക കോൺഗ്രസ് മൈസൂരുവിൽ സംഘടിപ്പിച്ച ‘സാധന സമാവേശ’ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
ബംഗളൂരു: സിദ്ധരാമയ്യ സർക്കാർ രണ്ടുവർഷം പൂർത്തിയാക്കിയതിന്റെ ആഘോഷമായി കർണാടക കോൺഗ്രസ് മൈസൂരുവിൽ സംഘടിപ്പിച്ച ‘സാധന സമാവേശ’ ചടങ്ങ് ജനസാഗരമായി. മഹാരാജാസ് കോളജ് മൈതാനത്ത് സംഘടിപ്പിച്ച ചടങ്ങിൽ ഒരു ലക്ഷത്തിലേറെ പ്രവർത്തകർ പങ്കെടുത്തു.
തന്റെ തട്ടകമായ മൈസൂരുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ശക്തിപ്രകടനം കൂടിയായി ‘സാധന സമാവേശ’ പരിപാടി മാറി. കനത്ത സുരക്ഷയായിരുന്നു മൈസൂരുവിൽ ഒരുക്കിയത്. മൈസൂരുവിന് പുറമെ, മാണ്ഡ്യ, ചാമരാജ് നഗർ, കുടക്, ഹാസൻ, ജില്ലകളിൽനിന്നുള്ള പ്രവർത്തകരും ചടങ്ങിനെത്തി.
പ്രവർത്തകരെ എത്തിക്കാൻ 465 കെ.എസ്.ആർ.ടി.സി ബസുകളാണ് കോൺഗ്രസ് വാടകക്കെടുത്തത്. മൈസൂരുവിൽ 2,578.03 കോടിയുടെ വികസന പദ്ധതികൾക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ തുടക്കം കുറിച്ചു. 24 സർക്കാർ വകുപ്പുകളിലായി 74 പദ്ധതികളാണ് മൈസൂരു ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി നടപ്പാക്കുന്നത്.
രാവിലെ 11ന് ആരംഭിച്ച സാധന സമാവേശ ചടങ്ങിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ, മന്ത്രിമാരായ എച്ച്.സി. മഹാദേവപ്പ, കെ.ജെ. ജോർജ്, റഹ്മാൻ ഖാൻ, കെ.എച്ച്. മുനിയപ്പ, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കർണാടക കോൺഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മൈസൂരു ജയദേവ ഹോസ്പിറ്റലിന് സമീപം ഒരേക്കറിൽ പി.കെ.ടി.ബി ഹോസ്പിറ്റലിന് അടുത്തായി ഒരേക്കറിൽ 100 കിടക്കകളുള്ള വൃക്ക- യൂറോളജി ആശുപത്രിക്ക് തറക്കല്ലിട്ടതാണ് പ്രധാന വികസന പദ്ധതികളിലൊന്ന്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പണം വകയിരുത്തിയ പദ്ധതിക്കായി 117.71 കോടിയാണ് ചെലവഴിക്കുക. ഇതിൽ 50 കിടക്കകളുള്ള ഡയാലിസിസ് യൂനിറ്റും 20 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗവും നാല് ഓപറേഷൻ തിയറ്ററുകളുള്ള മോഡുലാർ സർജിക്കൽ വിങ്ങും ഉൾപ്പെടും. ഒരേസമയം, 100 രോഗികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഹാളും ഡിജിറ്റൽ ലൈബ്രറിയടക്കമുള്ള സംവിധാനങ്ങളും ഒരുക്കും.
192.92 കോടി ചെലവിൽ കർണാടക സംസ്ഥാന ചെറുകിട വ്യവസായ വികസന കോർപറേഷന് കീഴിൽ നിർമിക്കുന്ന യൂനിറ്റി മാളും 120 കോടി ചെലവിൽ മൈസൂരു ബന്നിമണ്ഡപിൽ നിർമിക്കുന്ന കെ.എസ്.ആർ.ടി.സി മോഡൽ ബസ് ടെർമിനലുമാണ് മറ്റു പ്രധാന പധതികൾ.
കർണാടക എക്സിബിഷൻ അതോറിറ്റിക്ക് കീഴിൽ 23.59 കോടിയുടെ പദ്ധതി, ചാമുണ്ഡേശ്വരി ഇലക്ട്രിസിറ്റി സപ്ലൈ കോർപറേഷന് കീഴിൽ 408 കോടിയുടെ പദ്ധതി, പൊതുമരാമത്ത് വകുപ്പിന് കീഴിൽ 502.41 കോടിയുടെ പദ്ധതി, മൈസൂരു സിറ്റി കോർപറേഷന് കീഴിൽ 380 കോടിയുടെ പദ്ധതി, നരസിംഹരാജ മണ്ഡലത്തിൽ 3.5 കോടി ചെലവിൽ സ്പോർട്സ് സയൻസ് സെന്റർ, കെ.ആർ മണ്ഡലത്തിൽ തൊഴിലാളി ഭവൻ നിർമിക്കാൻ 23.59 കോടിയുടെ പദ്ധതി തുടങ്ങിയവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തവയിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

