വൊക്കലിഗ സ്വാമിയെ വാഴ്ത്തിയതിന് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് വീഴ്ത്തിയെന്ന് സദാനന്ദ ഗൗഡ
text_fieldsമംഗളൂരു: ആദിചുഞ്ചനഗിരി സ്വാമിയുടെ അനുഗ്രഹമാണ് തന്നെ കർണാടക മുഖ്യമന്ത്രി പദത്തിൽ എത്തിച്ചതെന്ന് പ്രസംഗിച്ചതിന് പിന്നാലെയാണ് 11 വർഷം മുമ്പ് തനിക്ക് ആ കസേര നഷ്ടമായതെന്ന് ബി.ജെ.പി നേതാവ് ഡി.വി. സദാനന്ദ ഗൗഡ. ദക്ഷിണ കന്നട ജില്ലയിലെ കഡബയിൽ വൊക്കലിഗരുടെ ചടങ്ങിലാണ് സദാനന്ദ ഗൗഡയുടെ വെളിപ്പെടുത്തൽ. ‘അന്ന് ബംഗളൂരുവിൽ സംഘടിപ്പിച്ച വൊക്കലിഗ സമുദായക്കാരുടെ പരിപാടിയിലായിരുന്നു താൻ സ്വാമിയുടെ അനുഗ്രഹം പരാമർശിച്ചത്. സമകാലിക രാഷ്ട്രീയത്തിലെ പല രീതികളോടും പൊരുത്തപ്പെടാൻ കഴിയുന്നില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. എന്നാൽ, പാർട്ടി പ്രവർത്തനത്തിൽ സജീവമായി ഉണ്ടാവുമെന്ന് അദ്ദേഹം അറിയിച്ചു.
ബി.എസ്. യെദിയൂരപ്പ ഖനി കുംഭകോണത്തിൽ പ്രതിയായി 2011 ആഗസ്റ്റിൽ രാജിവെച്ച ഒഴിവിലാണ് സദാനന്ദ ഗൗഡ മുഖ്യമന്ത്രിയായത്. 2012 ജൂലൈയിൽ പാർട്ടി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടു വാങ്ങുകയും ലിംഗായത്ത് സമുദായത്തിലെ ബനാജിഗ ഉപവിഭാഗത്തിലെ ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രിയാവുകയും ചെയ്തു. നിലവിൽ ബംഗളൂരു നോർത്ത് എം.പിയായ സദാനന്ദ ഗൗഡ, മോദി മന്ത്രിസഭയിൽ അംഗമായിരുന്നു. കേന്ദ്ര രാസ-വളം മന്ത്രിയായിരിക്കെ 2021ൽ നടന്ന മന്ത്രിസഭ പുനഃസംഘടനയിൽ പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

