മണ്ഡലകാലം: കർണാടക പമ്പ സർവിസുകൾ ഒന്നിന്
text_fieldsReprsentational Image
മണ്ഡലകാലം തുടങ്ങിയതോടെ ശബരിമല തീർഥാടകർക്കായി കർണാടക ആർ.ടി.സിയുടെ ബംഗളൂരു-പമ്പ സർവിസ് ഡിസംബർ ഒന്നിന് ആരംഭിക്കും. രാജഹംസ, ഐരാവത് എ.സി ബസുകൾ മൈസൂരു വഴിയാണ് സർവിസ് നടത്തുക. സമയപ്പട്ടികയും ഓൺലൈൻ റിസർവേഷനും അടുത്ത ആഴ്ച പ്രഖ്യാപിക്കും. മകരവിളക്ക് കഴിയുന്നതുവരെ സർവിസ് തുടരും. അതേസമയം, കേരള ആർ.ടി.സി ബംഗളൂരു-പമ്പ ബസ് സർവിസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ബംഗളൂരുവിൽനിന്നുള്ള മലയാളികൾക്കും കർണാടക സ്വദേശികൾക്കുംകൂടി ഉപകാരപ്രദമാകുന്ന തരത്തിൽ സർവിസ് തുടങ്ങിയാൽ ചുരുങ്ങിയ ചെലവിൽ ദർശനം നടത്തി മടങ്ങിയെത്താൻ സാധിക്കും. കോവിഡിനുമുമ്പ് ഡിസംബർ, ജനുവരി മാസങ്ങളിൽ നടത്തിയിരുന്ന സർവിസ് ലാഭകരമല്ലെന്ന കാരണം പറഞ്ഞാണ് പിന്നീട് നിർത്തിയത്. മൈസൂരു വഴിയാണ് കേരള ആർ.ടി.സി സർവിസ് നടത്തിയിരുന്നത്. സേലം, കോയമ്പത്തൂർ വഴി സർവിസ് നടത്തിയാൽ കുറഞ്ഞ സമയംകൊണ്ട് പമ്പയിലെത്താം.
എന്നാൽ, കേരള ആർ.ടി.സി പമ്പയിലേക്ക് നേരിട്ട് സർവിസ് നടത്തുന്നില്ലെങ്കിലും ബംഗളൂരു-കൊട്ടാരക്കര സ്വിഫ്റ്റ് നോൺ എ.സി ഡീലക്സ് ബസിൽ എരുമേലിയിലെത്താൻ കഴിയും. ബംഗളൂരുവിൽനിന്ന് എരുമേലിയിലേക്ക് ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ സൗകര്യം ലഭ്യമാണ്. വൈകീട്ട് 4.15ന് സാറ്റലൈറ്റ് ബസ് ടെർമിനലിൽനിന്ന് പുറപ്പെടുന്ന ബസ് മൈസൂരു, മാനന്തവാടി, തൊട്ടിൽപാലം, പേരാമ്പ്ര, കോഴിക്കോട്, തൃശൂർ, മൂവാറ്റുപുഴ, തൊടുപുഴ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി വഴി രാവിലെ 7.45ന് എരുമേലിയിലെത്തും.
തിരിച്ച് വൈകീട്ട് 3.55ന് എരുമേലിയിലെത്തുന്ന ബസ് രാവിലെ 7.10ന് ബംഗളൂരുവിലെത്തും. ഓൺലൈൻ റിസർവേഷന് വെബ്സൈറ്റ്: onlineksrtcswift.com മൊബൈൽ ആപ്: Ente KSRTC Neo-oprs. അതേസമയം, ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളിൽ നിന്ന് ശബരിമല സ്പെഷൽ ട്രെയിൻ അനുവദിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ബംഗളൂരുവിൽ നിന്ന് ട്രെയിൻ അനുവദിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
കോട്ടയം, കൊല്ലം എന്നിവിടങ്ങളിലേക്കുള്ള ട്രെയിനിന്റെ റൂട്ടും സമയപ്പട്ടികയും ഈ ആഴ്ചയോടെ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ വർഷം വിജയപുര, ഹുബ്ബള്ളി, ബെളഗാവി എന്നിവിടങ്ങളിൽനിന്നാണ് സ്പെഷൽ ട്രെയിൻ അനുവദിച്ചത്. ഈ ട്രെയിനുകൾ കെ.ആർ പുരം, യെലഹങ്ക സ്റ്റേഷനുകളിലൂടെ കടന്നുപോകുന്നതിനാൽ ബംഗളൂരുവിൽ നിന്നുള്ളവർക്കും ഗുണകരമാകും.
കണ്ണൂരിലേക്ക് പല്ലക്കി സർവിസുമായി കർണാടക
കർണാടക ആർ.ടി.സി ബംഗളൂരു-കണ്ണൂർ റൂട്ടിൽ നോൺ എ.സി ‘പല്ലക്കി’ സ്ലീപ്പർ ബസ് സർവിസ് ആരംഭിച്ചു. രാത്രി 7.01ന് ശാന്തിനഗറിൽനിന്ന് പുറപ്പെട്ട് മൈസൂരു, വിരാജ്പേട്ട്, ഇരിട്ടി, മട്ടന്നൂർ, കൂത്തുപറമ്പ്, തലശ്ശേരി വഴി പുലർച്ച നാലിന് കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരിൽനിന്ന് രാത്രി 7.35ന് പുറപ്പെട്ട് പുലർച്ച 4.30ന് ബംഗളൂരുവിലെത്തും. കഴിഞ്ഞ മാസം ആരംഭിച്ച പല്ലക്കി ബസിന്റെ കേരളത്തിലേക്കുള്ള ആദ്യ സർവിസാണ് കണ്ണൂരിലേക്ക് തുടങ്ങിയത്. ഫ്ലെക്സി നിരക്ക് 829 രൂപയും സാധാരണ ദിവസങ്ങളിൽ 760 രൂപയുമാണ് ടിക്കറ്റ് നിരക്ക്.