കേണൽ സോഫിയ ഖുറേഷിയുടെ ഭർതൃവീട് ആക്രമിച്ചുവെന്ന വാർത്ത വ്യാജമെന്ന് പൊലീസ്; വീടിന് സുരക്ഷ ശക്തമാക്കി
text_fieldsകേണൽ സോഫിയ ഖുറേഷിയുടെ ഭർതൃവീട് അടിച്ചുതകർത്തുവെന്ന് പ്രചരിച്ച ചിത്രം
ബംഗളൂരു: കേണൽ സോഫിയ ഖുറേഷിയുടെ ഭർത്താവ് കേണൽ താജുദ്ദീൻ ബാഗേവാഡിയുടെ വസതി ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചുവെന്ന വാർത്ത വ്യജമെന്ന് പൊലീസ്. അതേ സമയം, അഭ്യൂഹത്തെ തുടർന്ന് വീട്ടിലും പരിസരത്തും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തി.
ഗോകാക് താലൂക്കിൽ കൊന്നൂർ ഗ്രാമത്തിലെ വീടാണ് ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചുവെന്ന വാർത്ത പ്രചരിച്ചത്. കേണൽ സോഫിയ ഖുറേഷിയെ 'തീവ്രവാദികളുടെ സഹോദരി' എന്ന് മധ്യപ്രദേശിലെ ബി.ജെ.പി നേതാവിന്റെ അധിക്ഷേപത്തിന് പിന്നാലെയാണ് വീടാക്രമിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ നിറഞ്ഞത്.
എന്നാൽ വിവരം വ്യാജമാണെന്ന് ബെളഗാവി ജില്ല പൊലീസ് സൂപ്രണ്ട് ഭീമശങ്കർ ഗുലേദ് അറിയിച്ചു. അനീസ് ഉദ്ദീൻ എന്ന 'എക്സ്' അക്കൗണ്ടിലാണ് അക്രമ വിവരം ആദ്യം പങ്കിട്ടത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇത്തരം തെറ്റായ വിവരങ്ങളിൽ വീഴരുതെന്ന് എസ്.പി ഗുലേദ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വൈറലായ കിംവദന്തികളെ തുടർന്ന് കൊന്നൂരിലെ വീടിന് മതിയായ പോലീസ് സംരക്ഷണം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗോകാക്ക് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് ആർബി സ്ഥലം സന്ദർശിച്ചു. കേണൽ താജുദ്ദീൻ ബാഗേവാഡിയുടെപിതാവ് ഗൗസ് സാബ് ബാബു സാബ് ബാഗേവാഡിയുടേതാണ് ഈ വീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

