വിദ്വേഷം തടയൽ നിയമം നിയമമാവും മുമ്പ് ആർ.എസ്.എസ് നേതാവിന് ജാമ്യം
text_fieldsഡോ. കല്ലട്ക്ക പ്രഭാകർ ഭട്ട്
മംഗളൂരു: സംസ്ഥാനത്തുടനീളം വിദ്വേഷ പ്രസംഗം തടയുക എന്ന ലക്ഷ്യത്തോടെ, ബെളഗാവിയിൽ നടക്കുന്ന നിയമസഭ ശൈത്യകാല സമ്മേളനത്തിൽ കർണാടക സർക്കാർ ബുധനാഴ്ച അവതരിപ്പിച്ച കർണാടക വിദ്വേഷ പ്രസംഗവും വിദ്വേഷ കുറ്റകൃത്യങ്ങളും (തടയൽ) ബിൽ-2025 നിയമമാവും മുമ്പേ മുതിർന്ന ആർ.എസ്.എസ് നേതാവ് മുൻകൂർ ജാമ്യം നേടി. പുത്തൂർ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഡോ. കല്ലട്ക്ക പ്രഭാകർ ഭട്ടിന് പുത്തൂർ അഡീ. ജില്ല സെഷൻസ് കോടതിയാണ് (അഞ്ച്) മുൻകൂർ ജാമ്യം അനുവദിച്ചത്.
ഒക്ടോബർ 22ന് പുത്തൂർ താലൂക്കിലെ ഉപ്പലിഗെയിൽ നടന്ന ദീപോത്സവത്തിലും ഗോപൂജയിലും പ്രഭാകർ ഭട്ട് വർഗീയ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഈശ്വരി പദ്മുഞ്ച് പുത്തൂർ റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഭട്ടിനെ പൊലീസ് വിളിച്ചുവരുത്തി നോട്ടീസ് നൽകി. തുടർന്ന് ഭട്ട് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു.
അതേസമയം, ബി.ജെ.പി അംഗങ്ങളുടെ എതിർപ്പ് മറികടന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര നിയമസഭയിൽ അവതരിപ്പിച്ച ബിൽ നിയമമായാൽ വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം ലഭിക്കില്ല. ലക്ഷം രൂപ വരെ പിഴയും 10 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് ബിൽ നിർദേശിക്കുന്നത്. ഡിസംബർ നാലിന് സംസ്ഥാന മന്ത്രിസഭ ഇത് അംഗീകരിച്ചിരുന്നു.
വിദ്വേഷ പ്രസംഗങ്ങളുടെ പ്രചാരണം, പ്രസിദ്ധീകരണം, പ്രോത്സാഹനം എന്നിവ തടയുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ വ്യക്തിയെയോ ഗ്രൂപ്പിനെയോ ലക്ഷ്യം വെച്ചുള്ളതോ വിദ്വേഷം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതോ അല്ലെങ്കിൽ മുൻവിധിയോടെയുള്ള താൽപര്യങ്ങൾ നിറവേറ്റുന്നതിനായി ഉണ്ടാക്കിയതോ ആയ ഏതൊരു പ്രസംഗവും പ്രകടനവും പ്രസിദ്ധീകരണവും വിദ്വേഷ പ്രസംഗമായി കണക്കാക്കും.
മതം, വംശം, ജാതി അല്ലെങ്കിൽ സമൂഹം, ലിംഗഭേദം, ലൈംഗിക ആഭിമുഖ്യം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ, വൈകല്യം, ഗോത്ര സ്വത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഏതൊരു പക്ഷപാതവും വിദ്വേഷ പ്രസംഗമായി കണക്കാക്കും. വിദ്വേഷ പ്രസംഗവുമായോ വിദ്വേഷ കുറ്റകൃത്യങ്ങളുമായോ ബന്ധപ്പെട്ട ആദ്യ കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് ഒരു വർഷം മുതൽ പരമാവധി ഏഴുവർഷം വരെ തടവും 50,000 രൂപ പിഴയും ബിൽ വ്യവസ്ഥ ചെയ്യുന്നു. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് രണ്ടുമുതൽ പത്തുവർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും ലഭിക്കും.വിദ്വേഷ പ്രസംഗം പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾ ജാമ്യമില്ലാ കേസുകൾ ആയിരിക്കും. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് അന്വേഷണം നടത്തേണ്ടത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ റാങ്കിൽ കുറയാത്ത എക്സിക്യൂട്ടിവ് മജിസ്ട്രേറ്റുമാർക്കോ പൊലീസ് ഉദ്യോഗസ്ഥർക്കോ ഈ നിയമപ്രകാരം അന്വേഷിക്കാനും നടപടിയെടുക്കാനും അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

