160 കോടി രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് പ്രധാനമന്ത്രി തറക്കല്ലിടും: തേജസ്വി സൂര്യ
text_fieldsബംഗളൂരു: ബൊമ്മനഹള്ളിയിൽ 160 കോടി രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പ്ലാന്റിന് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമെന്ന് ബി.ജെ.പി എം.പി. തേജസ്വി സൂര്യ. നഗരത്തിലെ ഖരമാലിന്യ സംസ്കരണ വെല്ലുവിളികൾക്കുള്ള ദീർഘകാല പരിഹാരമായാണ് പദ്ധതി. സ്വച്ഛ് ഭാരത് മിഷനും എസ്.എ.ടി.എ.ടിയുടെയും കീഴിലാണ് പദ്ധതി. 15 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ പ്രതിദിനം 300 ടൺ ഭക്ഷണ മാലിന്യം സംസ്കരിക്കും. ഘട്ടംഘട്ടമായി സംസ്ക്കരണ ശേഷി 500 ടണ്ണായി വികസിപ്പിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബൊമ്മനഹള്ളിയിലെ കർണാടക കമ്പോസ്റ്റ് ഡെവലപ്മെന്റ് കോർപറേഷൻ (കെ.സി.ഡി.സി) പ്ലാന്റിന് ചുറ്റുമുള്ള പ്രദേശവാസികള്‍ 30 വര്‍ഷത്തോളമായി ദുർഗന്ധവും പരിസ്ഥിതി മലിനീകരണവും അനുഭവിക്കുന്നുണ്ടെന്ന് പദ്ധതിയുടെ ആവശ്യകത വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുടെ ആവശ്യത്തെത്തുടർന്ന് 2008ൽ കർണാടക സർക്കാർ പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവച്ചെങ്കിലും ബദൽ മാർഗമില്ലാത്തതിനാൽ 2013ൽ പുനരാരംഭിക്കുകയായിരുന്നു.
പദ്ധതിക്കായി താനും പ്രാദേശിക എം.എൽ.എ സതീഷ് റെഡ്ഡിയും കഴിഞ്ഞ മൂന്ന് നാല് വർഷമായി പ്രവർത്തിച്ചു വരികയായിരുന്നു. ഭക്ഷണ മാലിന്യം ബയോഗ്യാസാക്കി മാറ്റും. ഇത് പൈപ്പ്ലൈനുകൾ വഴി വീടുകളിൽ വിതരണം ചെയ്യും. പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന ജൈവ വളം കർഷകർക്കും വിതരണം ചെയ്യും. പദ്ധതി മുഖേന പ്രതിവർഷം ഒരു ലക്ഷം ടൺ മാലിന്യം സംസ്കരിക്കാനും ബംഗളൂരുവിലെ ഏകദേശം 25,000 വീടുകൾക്ക് പാചക വാതകം നൽകാനും സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. കൂടാതെ ബംഗളൂരുവിലും പരിസര പ്രദേശങ്ങളിലുമുള്ള കർഷകർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പ്രതിദിനം 22 ടൺ ജൈവ വളം പ്ലാന്റ് മുഖേന ഉത്പാദിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

