ആഡംബര കാറുകളുടെ ആരാധകനായ റോയ്
text_fieldsബംഗളൂരു: ആഡംബര കാറുകളോട് റോയിക്ക് ഏറെ കമ്പമുണ്ടായിരുന്ന വ്യവസായി ആയിരുന്നു സി.ജെ. റോയ്. 1994ൽ 25 വയസ്സുള്ളപ്പോൾ 1.10 ലക്ഷം രൂപ വിലയുള്ള മാരുതി 800 കാറാണ് അദ്ദേഹം ആദ്യമായി സ്വന്തമാക്കിയത്. വർഷങ്ങളോളം അത് ഉപയോഗിച്ചതിന് ശേഷമാണ് മറ്റു കാറുകള്‍ വാങ്ങിയത്. ആദ്യത്തെ കാറിനോടുള്ള വൈകാരിക അടുപ്പം മൂലം 27 വർഷങ്ങൾക്ക് ശേഷം അതേ കാര്‍ യഥാർഥ വിലയുടെ പത്തിരട്ടി നൽകി തിരികെ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു.
13 കോടി രൂപ വിലയുള്ള ബുഗാട്ടി വെയ്‌റോൺ, 12 കോടിയുടെ കൊയിനിഗ്സെഗ് അഗേര, വിവിധ ഫെരാരി മോഡലുകൾ, മക്ലാരൻ 720 എസ്, ലംബോർഗിനി ഹുറാകാൻ, ലംബോർഗിനി അവന്‍റെഡോർ, ഫാന്‍റം VIII, വ്രെയ്ത്ത്, സ്‌പെക്ടർ, ഗോസ്റ്റ്, ബെന്‍റ്ലി കോണ്ടിനെന്‍റല്‍ ജി.ടി തുടങ്ങിയവ അദ്ദേഹത്തിന്‍റെ ആഡംബര കാർ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.
ജോസഫ് ചിരിയന്‍ കണ്ടത്തിന്‍റെ മകനായി ജനിച്ച റോയിയുടെ ബിസിനസ് വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം എച്ച്.പിയില്‍ ജോലി ചെയ്ത റോയി ക്രിസ്റ്റല്‍ ഗ്രൂപ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. തുടര്‍ന്നാണ് സ്വന്തമായ സ്ഥാപനം എന്ന സ്വപ്നത്തിലേക്ക് എത്തിയത്. അതോടെ കോൺഫിഡന്‍റ് ഗ്രൂപ് പിറന്നു. ബിസിനസില്‍ കൊടുമുടികള്‍ കീഴടക്കുമ്പോഴും കലയുടെ ഉപാസകന്‍ കൂടിയായിരുന്നു റോയ്.
കന്നടയിലും മലയാളത്തിലും ഒരുപിടി ചിത്രങ്ങള്‍ അദ്ദേഹം നിർമിച്ചു. അഭിനയത്തോട് താൽപര്യമുണ്ടായിരുന്ന റോയി സിനിമകളിൽ കഴിവ് തെളിയിച്ചു. ചെക്ലോസോവാക്യ ഹോണററി കൗണ്‍സില്‍ അംഗമായിരുന്നു. ബാംഗ്ലൂര്‍ കേരള സമാജത്തിനായി അദ്ദേഹം ആംബുലന്‍സ് സംഭാവന നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

