റോവർ മുന്നോട്ട്; ലാൻഡറിന്റെ ചിത്രം പകർത്തും
text_fieldsചന്ദ്രയാൻ-മൂന്ന് വിജയത്തിൽ അഭിനന്ദനവുമായി പ്രധാനമന്ത്രി ബംഗളൂരു ഇസ്ട്രാക്കിലെത്തിയപ്പോൾ. ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥ് സമീപം
ബംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിലെ പര്യവേക്ഷണവുമായി റോബോട്ടിക് വാഹനമായ പ്രഗ്യാൻ റോവർ മുന്നോട്ട്. ശനിയാഴ്ച രാവിലെവരെ റോവർ 12 മീറ്റർ സഞ്ചരിച്ചതായി ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്ട്രാക് സന്ദർശനവേളയിലാണ് ചെയർമാൻ ഇക്കാര്യം അറിയിച്ചത്. ലാൻഡറിന്റെ ചിത്രം റോവർ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രപ്രതലത്തിൽ ഏറ്റവുമടുത്തുനിന്നുള്ള ലാൻഡറിന്റെ ചിത്രങ്ങൾ ലഭിക്കാൻ റോവറിലെ കാമറകൾ പ്രവർത്തിക്കേണ്ടതുണ്ട്. ഈ ചിത്രങ്ങൾ ലഭിക്കുന്നതോടെ ലാൻഡറിന്റെ പൊസിഷനിങ് സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ലഭിക്കും. വരുംദിവസങ്ങളിൽ പര്യവേക്ഷണത്തിനിടെ വിവിധയിടങ്ങളിൽനിന്ന് റോവർ ചിത്രങ്ങൾ പകർത്തും.
റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്നതിന്റെയും അൽപം മുന്നോട്ടുപോയശേഷം തിരിയാനൊരുങ്ങുന്നതിന്റെയും ദൃശ്യങ്ങൾകൂടി ഐ.എസ്.ആർ.ഒ വെള്ളിയാഴ്ച പുറത്തുവിട്ടു. ലാൻഡറിലെ കാമറകൾ മൃദു ഇറക്കത്തിനു മുമ്പും ശേഷവും പകർത്തിയ ദൃശ്യങ്ങളും ചന്ദ്രയാൻ-2 ദൗത്യത്തിലെ ഓർബിറ്റർ ഭ്രമണപഥത്തിൽനിന്ന് പകർത്തിയ ലാൻഡറിന്റെ വിദൂര ദൃശ്യവുമാണ് ഇതുവരെ പുറത്തുവന്നത്. പരാജയപ്പെട്ട ചന്ദ്രയാൻ-രണ്ടിലെ ഓർബിറ്ററിന്റെ സേവനംതന്നെയാണ് ചന്ദ്രയാൻ-3 ദൗത്യത്തിലും ഉപയോഗപ്പെടുത്തുന്നത്.
ചന്ദ്രയാൻ-3 ദൗത്യത്തിലെ മൂന്നു ലക്ഷ്യങ്ങളിൽ രണ്ടെണ്ണം നിറവേറിയതായും അവസാനത്തേത് പുരോഗമിക്കുകയാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ മൊഡ്യൂളിനെ സുരക്ഷിതമായി മൃദുഇറക്കം നടത്തുക എന്നതായിരുന്നു പ്രഥമലക്ഷ്യം. പ്രഗ്യാൻ റോവറിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുകയായിരുന്നു രണ്ടാമത്തെ ലക്ഷ്യം. ഈ രണ്ടു ഘട്ടവും ചന്ദ്രയാൻ-3 വിജയകരമായി മറികടന്നു. നിശ്ചയിച്ച സ്ഥലത്ത് പര്യവേക്ഷണം ആരംഭിക്കുക എന്നതായിരുന്നു മൂന്നാം ലക്ഷ്യം. ഈ ഘട്ടം പുരോഗമിക്കുകയാണെന്നും എല്ലാ പരീക്ഷണ ഉപകരണങ്ങളും സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്നും ഇസ്റോ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

