നഗരത്തിൽ 1.01 കോടിയുടെ കവർച്ച
text_fieldsപ്രതീകാത്മക ചിതം
ബംഗളൂരു: നഗരത്തിൽ പട്ടാപകൽ 1.01 കോടി രൂപ കവർന്ന സംഘത്തെ 15 മിനിറ്റിനുള്ളിൽ പിടികൂടി. ബംഗളൂരു പൊലീസ് അതിവേഗത്തിൽ നടത്തിയ ഓപറേഷനിൽ കവർച്ച സംഘത്തിലെ എട്ടുപേരെ അറസ്റ്റ് ചെയ്യുകയും പ്രതികളുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കവർന്ന 1.01 കോടി രൂപയും തിരിച്ചുപിടിച്ചു. നരസിംഹ (34), ജീവൻ (27), കിഷോർ (30), വെങ്കടരാജു (28), ചന്ദിരൻ (33), കുമാർ (36), രവികിരൺ (33), നമൻ (18) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ കിഷോറും വെങ്കടരാജുവും നേരത്തേ കൊലപാതകവും കവർച്ചയും ഉൾപ്പെട്ട കേസുകളിൽ പ്രതികളാണ്.
ഹുളിമാവിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. രാജസ്ഥാൻ സ്വദേശികളായ മോട്ടാറാം (45), ഭാര്യ ലക്ഷ്മി ദേവി, അടക്ക വ്യാപാരിയായ തുമകുരു സ്വദേശി ഹേമന്ത് എന്നിവരാണ് കവർച്ചക്കിരയായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ഹേമന്തിന് പണം കൈമാറാനാണ് മോട്ടാറാമും ഭാര്യ ലക്ഷ്മി ദേവിയും എത്തിയത്. കാറിൽവെച്ച് ഇവർ പണം കൈമാറവെ, പെട്ടെന്ന് അപരിചിതരായ രണ്ടുപേർ അവിടെയെത്തി തങ്ങൾ പൊലീസുകാരാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി.
ചോദ്യം ചെയ്യലിന്റെ ഭാഗമാണെന്ന മട്ടിൽ കാറിന്റെയും പണക്കെട്ടുകളുടെയും ഇരകളുടെയും വിഡിയോ ചിത്രീകരിച്ചു. എന്നാൽ, ഇതേക്കുറിച്ച് മോട്ടാറാമും ഹേമന്തും ചോദ്യം ചെയ്തതോടെ ഇരുവരെയും സംഘം മർദിച്ചു. ലക്ഷ്മിദേവിക്കും മർദനമേറ്റു. ഇതോടെ സംഗതി പന്തിയല്ലെന്ന് മനസ്സിലായ ദമ്പതികളും ഹേമന്തും പണവുമായി കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബൈക്കിൽ പിന്തുടർന്ന കവർച്ച സംഘം കാറിൽ ബൈക്ക് ഇടിപ്പിച്ചു. ഇതോടെ കാർ യു-ടേൺ എടുത്ത് രക്ഷപ്പെടാൻ ദമ്പതികൾ ശ്രമിച്ചു.
എന്നാൽ, ആളൊഴിഞ്ഞ ഒരിടത്തുവെച്ച് സംഘം കാർ തടഞ്ഞ് ഹേമന്തിനെയും മൊട്ടാറാമിനെയും പുറത്തിറക്കി. പണമടങ്ങിയ ബാഗുമായി ഈ സമയം ലക്ഷ്മി ദേവി കാറിൽതന്നെയിരുന്നു. ഈ സമയം മറ്റു ചിലർകൂടി അക്രമികൾക്കൊപ്പം ചേർന്നു. സംഘം മൂവരെയും ബലമായി ഒഴിഞ്ഞയിടത്തിലെ ഷെഡിലെത്തിച്ച് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.
മൂവരെയും വിട്ടയക്കണമെങ്കിൽ 10 ലക്ഷം രൂപ നൽകണമെന്ന് കൊള്ളസംഘം ആവശ്യപ്പെട്ടു. ഹേമന്ത് തന്റെ ഉടമയെ ഫോണിൽ ബന്ധപ്പെട്ട് പണം ഏർപ്പാടാക്കാൻ ആവശ്യട്ടെങ്കിലും ഉടമ ആവശ്യം നിരസിച്ചു. ഇതോടെ മൂവരെയും രണ്ടുമണിക്കൂറോളം തടഞ്ഞുവെച്ചു. പിന്നീട് ഇവരുടെ കാറും മൊബൈൽ ഫോണുകളും 1.01 കോടിരൂപയും കവർന്ന് അക്രമികൾ രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെതുടർന്ന് ഉടൻ സംഭവസ്ഥലത്തെത്തിയ പൊലീസിൽ അന്വേഷണം ഊർജിതമാക്കിയതോടെ 15 മിനിറ്റിനകം പ്രതികൾ പിടിയിലായി. കവർന്ന പണവും മറ്റു വസ്തുക്കളും കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും കാറും പൊലീസ് പിടിച്ചെടുത്തു. ഹുളിമാവ് പൊലീസ് കേസിൽ വിശദ അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

