പൂട്ടിയിട്ട വീട്ടിൽ കവർച്ച; രണ്ടുപേർ അറസ്റ്റിൽ
text_fieldsവാജിദ് ജെ. എന്ന വാജി,
സയ്യിദ് അലി
മംഗളൂരു: കുലൈ ഗ്രാമത്തിലെ പൂട്ടിയിട്ട വീട്ടിൽനിന്ന് ദേവതകളുടെ വിഗ്രഹങ്ങളും ടെലിവിഷനും മോഷ്ടിച്ച കേസിൽ രണ്ടുപേരെ സൂറത്ത്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ചൊക്കബെട്ടുവിലെ വാജിദ് ജെ. എന്ന വാജി (27), ജോക്കട്ടെയിലെ സയ്യിദ് അലി (40) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
കഴഞ്ഞ ഡിസംബർ 26ന് രാത്രിയിലാണ് ഗ്രാമത്തിലെ യശോദ ക്ലിനിക്കിന് സമീപമുള്ള അമിതയുടെ വീട്ടിലെ കവർച്ച. മേൽക്കൂരയിലെ ഓടുകൾ നീക്കി അകത്തുകടന്നാണ് വിഗ്രഹങ്ങളും അനുബന്ധ ആചാര വസ്തുക്കളും ടെലിവിഷനും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചത്.
അമിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വജീദ് ജെയെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ, മോഷണം സമ്മതിച്ചതായും ജോക്കട്ടെയിലെ സയ്യിദ് അലിക്ക് പിച്ചള, ചെമ്പ് വസ്തുക്കൾ വിറ്റതായും വെളിപ്പെടുത്തി. സയ്യിദ് അലിയുടെ വീട്ടിൽനിന്ന് വെള്ളി മന്ത്രദേവതാ വിഗ്രഹത്തിന് പുറമെ ഏകദേശം 1.95 ലക്ഷം രൂപ വിലവരുന്ന വിവിധ വസ്തുക്കൾ കണ്ടെടുത്തു. കുട, വാൾ, പിച്ചളവസ്തുക്കൾ, ചെമ്പ് ആചാരവസ്തുക്കൾ, ടെലിവിഷൻ, സെറ്റ്-ടോപ്പ് ബോക്സ്, രണ്ട് മൊബൈൽ ഫോണുകൾ, കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച സ്കൂട്ടർ എന്നിവ പൊലീസ് കണ്ടെടുത്തു.
പ്രതി വജീദിനെതിരെ സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ ‘ബി’റൗഡി ഷീറ്റും മോഡസ് ഓപറേറ്റി ബുക്കും (എം.ഒ.ബി)ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു നഗരം, ഉഡുപ്പി, ഉത്തര കന്നട, ഹാസൻ ജില്ലകളിലായി കൊലപാതകശ്രമം, രണ്ട് കവർച്ച, മൂന്ന് കന്നുകാലി മോഷണക്കേസുകൾ, ആറ് വീടുകളിൽ മോഷണം, മൂന്ന് വാഹന മോഷണം, മറ്റൊരു ക്രിമിനൽ കേസ് എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.
കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾക്കെതിരെ വാറണ്ട് ഉണ്ടായിരുന്നു. രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി. ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

