വയോധികയെ കൊന്ന കവർച്ച സംഘത്തിന് ജീവപര്യന്തം
text_fieldsമംഗളൂരു: ബണ്ട്വാൾ താലൂക്കിലെ അമ്മുഞ്ചെ ഗ്രാമത്തിൽ 2021-ൽ വയോധികയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ മൂന്ന് പേർക്ക് മംഗളൂരു അഡീ.സെഷൻസ് കോടതി (രണ്ട്) ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അമ്മാഡി ഹീരയിലെ വിൽമ പ്രസ്തിത ബാരെറ്റോ (30), നരികൊമ്പുവിലെ അന്തർ ഹൗസിലെ സതീഷ് (33), നരികൊമ്പുവിലെ പടക്കട്ടെ ഹൊയിഗെബൈലുവിലെ ചരൺ കുമാർ (34) എന്നിവർക്കാണ് ശിക്ഷ.
ഇരയായ ബെനഡിക്റ്റ കാർലോ (80) അമ്മുഞ്ചെയിലെ പാണ്ടിലിയിൽ ഭർത്താവ് ഇനാസ് കാർലോക്കൊപ്പം താമസിക്കുകയായിരുന്നു പക്ഷാഘാതത്തെ തുടർന്ന് കിടപ്പിലായ ഇനാസിനെ രണ്ട് മാസത്തോളമായി ദമ്പതികളുടെ വീട്ടിൽ ജോലി ചെയ്തിരുന്ന വിൽമ പരിചരിച്ചു വരികയായിരുന്നു. വീട്ടിൽ സ്വർണം ഉണ്ടെന്ന് വിൽമ പരിചയക്കാരനായ സതീഷിനെ അറിയിച്ചു. 2021 ജനുവരി 25 ന് രാത്രി ഭക്ഷണത്തിൽ വിഷം കലർത്തിയും ചരൺ കുമാറും വിൽമയും ബെനഡിക്റ്റയെ തലയിണയും പുതപ്പും ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും കൊന്നു എന്നാണ് കേസ്. കൊലപാതകത്തിന് ശേഷം മൂവരും 61.070 ഗ്രാം സ്വർണ്ണാഭരണങ്ങളുമായി രക്ഷപ്പെട്ടു .തുടക്കത്തിൽ ബണ്ട്വാൾ റൂറൽ പൊലീസ് സംശയാസ്പദ മരണമായി കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ, കവർച്ചക്കായി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ പൊലീസ് കണ്ടെത്തി,
തുടർന്ന് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. വിചാരണ വേളയിൽ 44 സാക്ഷികളിൽ 32 പേരെ കോടതി വിസ്തരിച്ചു, കുറ്റവാളികൾക്ക് 33,000 രൂപ പിഴയും കോടതി വിധിച്ചു. ഇതിൽ 8,000 രൂപ സർക്കാരിൽ നിക്ഷേപിക്കുകയും 25,000 രൂപ ഇരയുടെ മകൻ റൊണാൾഡ് കാർലോക്ക് നഷ്ടപരിഹാരമായി നൽകുകയും ചെയ്യും. പ്രൊസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജ്യോതി പ്രമോദ് നായക് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

