കദ്രി ജോഗി മഠം ഒാഫിസിൽ കവർച്ച; ആഭരണങ്ങളും പണവും നഷ്ടമായി
text_fieldsകദ്രി ജോഗി മഠം
മംഗളൂരു: കദ്രി ജോഗിമഠം പരിസരത്തെ ജോഗിമഠ നവീകരണ, ഭരണ സമിതി ഒാഫിസിൽ അതിക്രമിച്ചുകയറി വെള്ളി ആഭരണങ്ങളും പണവും കവർന്നതായി പരാതി. ഒാഫിസിലെ പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ അലമാര കുത്തിത്തുറന്ന് 90,000 രൂപ വിലമതിക്കുന്ന 511 ഗ്രാം വെള്ളി ആഭരണങ്ങളും 40,000 രൂപയും മോഷ്ടിച്ചു. മോഷ്ടിച്ച വസ്തുവിന്റെയും പണത്തിന്റെയും ആകെ മൂല്യം 1.30 ലക്ഷം രൂപയാണെന്ന് കണക്കാക്കുന്നു.
കദ്രി മുണ്ടാനയിലെ ജഗജീവനദാസിന്റെ വസതിയിൽ സാധാരണയായി സൂക്ഷിക്കുന്ന ധൂമവതി ദൈവവുമായും ഗണപതിയുമായും ബന്ധപ്പെട്ട ആഭരണങ്ങളുടെ മേൽനോട്ടം കമ്മിറ്റിക്കാണ്. ഫെബ്രുവരി രണ്ടാംവാരം നടക്കാനിരിക്കുന്ന ധൂമവതി നെമതോത്സവത്തിന്റെ ഭാഗമായി ധൂമവതി ദൈവവുമായും ഗണപതിയുമായും ഉള്ള വെള്ളി ആഭരണങ്ങൾ ജഗജീവനദാസിന്റെ വീട്ടിൽനിന്ന് കൊണ്ടുവന്ന് ആഴ്ചമുമ്പ് കമ്മിറ്റി ഒാഫിസിൽ സൂക്ഷിച്ചിരുന്നു.
ഈമാസം 26ന് കമ്മിറ്റി പ്രസിഡന്റ് എം. ഹരിനാഥ്, ഗോപിനാഥ് ജോഗി എന്നിവർ ഉച്ചക്ക് രണ്ടോടെ ഒാഫിസ് പൂട്ടിപ്പോയി. പിറ്റേന്ന് രാവിലെ 11ഓടെ ദിനേശ് ജോഗി ഒാഫിസിലെത്തിയപ്പോൾ മുൻവാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടു.
പരിശോധനയിൽ പൂട്ട് തകർന്നതായും നിരവധി ആഭരണങ്ങൾ നഷ്ടപ്പെട്ടതായും കണ്ടെത്തി. ധൂമവതി ദൈവത്തിന്റെ ആഭരണങ്ങൾ അടങ്ങിയ ബാഗിൽ നിന്ന് എട്ട് വെള്ളി ഗുബ്ബുകളിൽ ഏഴ്, വെള്ളി അർധചന്ദ്രാകൃതിയിലുള്ള രണ്ട് ആഭരണങ്ങളിൽ ഒന്ന്, വലിയ രണ്ട് വെള്ളി പൂമാലകളിൽ ഒന്ന്, രണ്ട് ചെറിയ വെള്ളി പൂമാലകളിൽ ഒന്ന്, ഒരു ചന്ദനപ്പാത്രം എന്നിവ മോഷ്ടിക്കപ്പെട്ടു.
ഗണപതിയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന തുണിക്കെട്ട് പരിശോധിച്ചപ്പോൾ ഗണപതിയുടെ കൈകളിൽ ധരിച്ചിരുന്ന രണ്ട് വെള്ളി തുമ്പിക്കൈ ആഭരണങ്ങളിൽ ഒന്ന്, നാല് വെള്ളി വളകളിൽ മൂന്ന്, ഒരു വെള്ളിക്കാത്, രണ്ട് വെള്ളി പാദസരങ്ങൾ എന്നിവയും മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി. ഭാരവാഹികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കദ്രി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

