വീട്ടിൽ കവർച്ച: ഏഴംഗ സംഘം പിടിയിൽ
text_fieldsമോഷണവസ്തുക്കൾ കമീഷണറുടെ ഓഫിസിൽ പ്രദർശിപ്പിച്ചപ്പോൾ
ബംഗളൂരു: നഗരത്തിൽ ബിസിനസുകാരന്റെ വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ഏഴംഗ സംഘം അറസ്റ്റിൽ. കന്നട നിർമാതാവ് റോക്ക് ലൈൻ വെങ്കടേശിന്റെ സഹോദരൻ ബ്രഹ്മരേശിന്റെ ബസവേശ്വര നഗറിലെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ ഉപേന്ദ്ര ബഹാദൂർ ഷാഹി, നാര ബഹാദൂർ ഷാഹി, ഗഗേന്ദ്ര ബഹാദൂർ ഷാഹി, കോമൾ ഷാഹി, സ്വാസ്ഥിക് ഷാഹി, പാർവതി, ഷദാല എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 21ന് ബ്രഹ്മരേശും കുടുംബവും ഗ്രീസിലേക്ക് പോയിരുന്നു.
തിരിച്ച് ഒക്ടോബർ 29ന് വീട്ടിലെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്. തുടർന്ന് മഹാലക്ഷ്മി ലേഔട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്ത പൊലീസ് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കിയത്. ബ്രഹ്മരേശിന്റെ വീടിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരുകയായിരുന്നു ഉപേന്ദ്ര.
മറ്റു പ്രതികൾ ഇയാൾക്കൊപ്പം താമസിക്കുന്നവരാണ്. കഴിഞ്ഞ മൂന്നു മാസമായി ഇയാൾ കവർച്ച നടത്തിയ വീട് നിരീക്ഷിച്ചുവരുകയായിരുന്നു. വിദേശയാത്രക്കായി കുടുംബം പോയെന്ന് മനസ്സിലാക്കിയ ഉപേന്ദ്ര കൂട്ടാളികൾക്കൊപ്പം മോഷണത്തിനെത്തി. രാത്രി വീടിന്റെ മതിൽ ചാടിക്കടന്നശേഷം മെഷീൻ ഉപയോഗിച്ച് ജനൽ കമ്പികൾ മുറിച്ച് അകത്തുകയറി. സ്വർണാഭരണങ്ങളും പണവും അടക്കം 1.53 ലക്ഷം വരുന്ന വസ്തുക്കൾ സംഘം കവർന്നതായാണ് പരാതി.
മറ്റുപല കവർച്ചകളിലും പ്രതികൾ പങ്കെടുത്തതായി ചോദ്യം ചെയ്യലിൽ കണ്ടെത്തി. പ്രതികളിൽനിന്ന് 3.01 കിലോ സ്വർണവും 562 ഗ്രാം വെള്ളിയും 16 വാച്ചുകളും 40,000 രൂപയും കണ്ടെടുത്തു. സംഘത്തിലെ മൂന്നുപേർ ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

