റോഡ് സുരക്ഷ: 378 സൈലൻസറുകൾ മൈസൂരു പൊലീസ് പിടിച്ചെടുത്തു
text_fieldsബംഗളൂരു: ദേശീയ റോഡ് സുരക്ഷ കാമ്പയിനിന്റെ ഭാഗമായി മൈസൂരു പൊലീസ് നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ രൂപമാറ്റം വരുത്തിയ 378 സൈലൻസറുകൾ പിടിച്ചെടുത്തു. ഈ സൈലൻസറുകൾ ലളിത മഹൽ റോഡിലെ പൊലീസ് കാന്റീന് പരിസരത്ത് റോഡ് റോളർ ഉപയോഗിച്ച് നശിപ്പിച്ചു. 1988 ലെ ഇന്ത്യൻ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം മോട്ടോര്‍ യാത്രക്കാർക്ക് ചലാൻ ചുമത്തി.
വിവിധ ട്രാഫിക് പൊലീസ് സ്റ്റേഷനുകളുടെ പരിധികളില്‍നിന്നാണ് ഇവ പിടിച്ചെടുത്തത്. യഥാക്രമം ദേവരാജ ട്രാഫിക് പൊലീസ് സ്റ്റേഷൻ (26 എണ്ണം ), കെ.ആർ. ട്രാഫിക് പൊലീസ് സ്റ്റേഷൻ (59 എണ്ണം ), എൻ.ആർ. ട്രാഫിക് പൊലീസ് സ്റ്റേഷൻ (50എണ്ണം), സിദ്ധാർഥ നഗർ ട്രാഫിക് പൊലീസ് സ്റ്റേഷൻ (43 എണ്ണം), വി.വി. പുരം ട്രാഫിക് പൊലീസ് സ്റ്റേഷൻ (200 എണ്ണം ). ആശുപത്രികൾ, സ്കൂളുകൾ, മാർക്കറ്റുകൾ എന്നിവയുടെ സമീപത്ത് അമിതമായ ശബ്ദം പുറപ്പെടുവിക്കല്‍ , രാത്രി വൈകിയുള്ള മത്സരയോട്ടങ്ങള്‍, അഭ്യാസപ്രകടനങ്ങള്‍ എന്നിവയെക്കുറിച്ച് പ്രദേശത്തെ ജനങ്ങള്‍ പരാതിപ്പെട്ടിരുന്നു.
രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഘടിപ്പിച്ച വാഹനങ്ങള്‍ മൂലമുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഏറ്റവുമധികം ബാധിക്കുന്നത് മുതിര്‍ന്ന വരെയാണ്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ട്രാഫിക്, ലോക്കൽ പൊലീസ് സംഘങ്ങള്‍ പരിശോധനക്കായി ചെക്പോസ്റ്റുകൾ സ്ഥാപിക്കുകയും സംശയാസ്പദമായ വാഹനങ്ങൾ തടഞ്ഞു പരിശോധന നടത്തുകയും ചെയ്തു. ശബ്ദം വർധിപ്പിക്കുന്നതിനുള്ള രൂപമാറ്റം , ആഫ്റ്റർ മാർക്കറ്റ് ഫ്രീ-ഫ്ലോ യൂനിറ്റുകൾ എന്നിവ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. അസാധാരണമായ ശബ്ദം ഉണ്ടാക്കുന്നതും എമിഷൻ, സൗണ്ട് മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമങ്ങൾ ലംഘിക്കുന്നതുമായ വാഹനങ്ങളെയാണ് ആദ്യ ഘട്ടത്തില്‍ പരിശോധന നടത്തിയത്. ദേശീയ റോഡ് സുരക്ഷ പ്രചാരണത്തിന്റെ ഭാഗമായാണ് ഓപറേഷൻ നടത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ (ക്രൈം ആൻഡ് ട്രാഫിക്) കെ.എസ്. സുന്ദർ രാജ് പറഞ്ഞു. കേടുപാടുകളുള്ളതും രൂപമാറ്റം വരുത്തിയ സൈലൻസറുകൾ ഉപയോഗിക്കുന്നത് ഗതാഗത നിയമലംഘനമാണെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറ്റി പൊലീസ് കമീഷണർ സീമ ലഡ്കർ, ട്രാഫിക് എ.സി.പി. ശിവശങ്കർ, കൃഷ്ണരാജ ട്രാഫിക് ഇൻസ്പെക്ടർ മഹാദേവസ്വാമി, സിദ്ധാർഥനഗർ ട്രാഫിക് ഇൻസ്പെക്ടർ ശ്രീധർ നായക്, സബ് ഇൻസ്പെക്ടർ പ്രഭു, വി.വി. പുരം ട്രാഫിക് ഇൻസ്പെക്ടർ ലാവ, നരസിംഹരാജ ട്രാഫിക് സബ് ഇൻസ്പെക്ടർ സിദ്ധേഷ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഓപറേഷനിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

