'സ്കൂൾ ബാഗോടെ കുഴിച്ചിടുമ്പോൾ 15കാരിയുടെ മൃതദേഹത്തിൽ പാവാടയും അടിവസ്ത്രവും ഇല്ലായിരുന്നു'
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥല ഗ്രാമത്തിൽ നടന്ന അറുകൊലകളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ മൃതദേഹങ്ങൾ മറവുചെയ്തു എന്ന് അവകാശപ്പെടുന്നയാൾ വെളിപ്പെടുത്തി. അഭിഭാഷകരായ ഓജസ്വി ഗൗഡ, സച്ചിൻ ദേശ്പാണ്ഡെ എന്നിവർ മുഖേന വിവരങ്ങളും പടങ്ങളും ദക്ഷിണ കന്നട ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുൺകുമാറിന് വ്യാഴാഴ്ച കൈമാറി. എസ്.പിയുടെ കാര്യാലയം വെള്ളിയാഴ്ച ഇത് സ്ഥിരീകരിച്ചു.
ഭീഷണിക്ക് വഴങ്ങി നിരന്തരം ജഡങ്ങൾ മറവ് ചെയ്യിച്ചവരുടെ കഴുകൻ കണ്ണുകൾ സ്വന്തം മകൾക്കുനേരെ തിരിഞ്ഞതോടെ കുടുംബത്തോടൊപ്പം ധർമസ്ഥല വിട്ടയാൾ ഇപ്പോൾ കർണാടകക്ക് പുറത്ത് കഴിയുകയാണ്. കല്ലേരിയിലെ പെട്രോൾ പമ്പിൽനിന്ന് 500 മീറ്റർ അകലെ 2010ൽ 12-15 വയസ്സുള്ള വിദ്യാർഥിനിയുടെ ജഡം മറവു ചെയ്തത് മനസ്സിലിന്നും കനലാണെന്ന് ജില്ല പൊലീസിനുള്ള കത്തിൽ പറഞ്ഞു. ആ മോൾ സ്കൂൾ യൂനിഫോം ഷർട്ട് ധരിച്ചിരുന്നു.
പക്ഷേ അവളുടെ പാവാടയും അടിവസ്ത്രവും കാണാനില്ലായിരുന്നു. ആ ഇളംമേനിയിൽ ലൈംഗികാതിക്രമ ലക്ഷണങ്ങൾ വ്യക്തമായി കാണാമായിരുന്നു. കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകളും കണ്ടു. കുഴിയെടുത്ത് സ്കൂൾ ബാഗിനൊപ്പം മറവ് ചെയ്യാൻ എന്നോട് കൽപിച്ചു.വർഷങ്ങളായി ധർമസ്ഥല ഗ്രാമത്തിലും പരിസരത്തും നടന്ന കൊലപാതകങ്ങൾ, ലൈംഗികാതിക്രമങ്ങൾ, മൂടിവെക്കൽ എന്നിവയെക്കുറിച്ചാണ് കത്ത്. അന്വേഷണവുമായി സഹകരിക്കാൻ അയാൾ സന്നദ്ധത പ്രകടിപ്പിക്കുകയും തനിക്കും കുടുംബത്തിനും സംരക്ഷണം തേടുകയും ചെയ്തിട്ടുണ്ട്.
താൻ തുടർച്ചയായി വധഭീഷണി നേരിടുന്നുണ്ട്. ധർമസ്ഥല ഗ്രാമത്തിന്റെയും പരിസര പ്രദേശങ്ങളുടെയും അധികാരപരിധിയിൽ കൊല്ലപ്പെട്ട നിരവധി വ്യക്തികളുടെ, ഏറെയും ബലാത്സംഗത്തിന് ഇരയായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ തന്നെക്കൊണ്ട് നിർബന്ധിച്ച് സംസ്കരിപ്പിച്ചുവെന്ന് അയാൾ കത്തിൽ പറയുന്നു. അവ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പുറത്തെടുക്കണമെന്ന് താൻ അഭ്യർഥിക്കുന്നു. പ്രഥമ വിവര റിപ്പോർട്ട് (എഫ്.ഐ.ആർ) ഉടൻ രജിസ്റ്റർ ചെയ്യാനും സാക്ഷികൾക്ക് സംരക്ഷണം നൽകാനും ആവശ്യപ്പെടുന്നു.
താങ്ങാനാവാത്ത കുറ്റബോധത്തിൽനിന്ന് മുക്തി തേടി ഹൃദയഭാരം ഇറക്കിവെക്കാനാണ് വിവരങ്ങൾ സമർപ്പിക്കുന്നത്. കണ്ട ക്രൂരതകളുടെയും കുഴിച്ചിട്ട മൃതദേഹങ്ങളുടെയും ഭാരം പേറി ജീവിക്കാൻ തനിക്ക് കഴിയില്ല. അനുസരിക്കാൻ വിസമ്മതിച്ചാൽ ആ മൃതദേഹങ്ങൾക്കൊപ്പം തന്നെ കുഴിച്ചിടുമെന്ന നിരന്തരമായ ഭീഷണിയും ആ ഓർമകളുണർത്തുന്ന മാനസിക പീഡനവും അസഹനീയമായി. വേഗത്തിലുള്ള അന്വേഷണവും തനിക്കും കുടുംബത്തിനും സംരക്ഷണവും അഭ്യർഥിക്കുന്നു.
11 വർഷംമുമ്പ് താൻ ധർമസ്ഥലയിൽനിന്ന് ചെറിയ കുടുംബത്തെയും കൂട്ടി പലായനം ചെയ്തതാണ്. ഏറ്റവും താഴ്ന്ന ജാതി എന്ന് വിളിക്കപ്പെടുന്ന ഒരു വിഭാഗത്തിലാണ് താൻ ജനിച്ചത്. 1995 മുതൽ 2014 ഡിസംബർ വരെ ധർമസ്ഥലയിലെ ആരാധനാലയത്തിനുകീഴിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്നു. നേത്രാവതി നദിക്കടുത്തും പരിസരത്തും പതിവായി ശുചീകരണ ജോലികൾ ചെയ്തു. സാധാരണ ജോലി എന്ന നിലയിലെ തുടക്കം ക്രമേണ ഹീനമായ കുറ്റകൃത്യങ്ങൾ മറച്ചുവെക്കുക എന്ന ഭയാനക അവസ്ഥയിലേക്ക് മാറി. മൃതദേഹങ്ങൾ ആത്മഹത്യകളോ ആകസ്മിക മുങ്ങിമരണങ്ങളോ ആണെന്നാണ് ആദ്യം കരുതിയത്.
മിക്ക മൃതദേഹങ്ങളും സ്ത്രീകളുടേതായിരുന്നു. അവയിൽ പലതും വസ്ത്രങ്ങളോ അടിവസ്ത്രങ്ങളോ ഇല്ലാതെയാണ് കണ്ടെത്തിയത്. ലൈംഗികാതിക്രമത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. മുറിവുകളും ശ്വാസംമുട്ടിച്ചതിന്റെ അടയാളങ്ങളും കാണപ്പെട്ടു. 1998ഓടെ പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നതിനുപകരം ഈ മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ തന്റെ സൂപ്പർവൈസർമാർ നിർദേശിച്ചു.
വിസമ്മതിക്കുകയും പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർബന്ധിക്കുകയും ചെയ്തപ്പോൾ തന്നെ കഠിനമായി മർദിച്ചു. അവരുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്താൽ നിന്നെ കഷണങ്ങളാക്കും, നിന്റെ ശരീരം മറ്റുള്ളവരെപ്പോലെ കുഴിച്ചിടും, നിന്റെ മുഴുവൻ കുടുംബത്തെയും ബലിയർപ്പിക്കും എന്നായിരുന്നു ഭീഷണി.
നേരത്തെ ഈ ജോലി വഹിച്ചിരുന്ന ആളെ വിസമ്മതിച്ചതിനെത്തുടർന്ന് കാണാതായിരുന്നു. മൃതദേഹങ്ങൾ സംസ്കരിക്കേണ്ട പ്രത്യേക സ്ഥലങ്ങളിലേക്ക് സൂപ്പർവൈസർമാർ തന്നെ വിളിക്കുമായിരുന്നു. പലപ്പോഴും ഇവ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോ സ്ത്രീകളോ ആയിരുന്നു. അവർ അടിവസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. സ്വകാര്യ ഭാഗങ്ങളിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന്റെ മുറിവുകളുണ്ടായിരുന്നു. ചില മൃതദേഹങ്ങളിൽ ആസിഡ് പൊള്ളലേറ്റതിന്റെ പാടുകളും കാണാനായി.
മുഖം ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിലായിരുന്നു 20 കാരിയുടെ ജഡം. അവരുടെ ശരീരം പത്രം കൊണ്ട് മൂടിയിരുന്നു. മൃതദേഹം മാത്രമല്ല അവരുടെ ചെരിപ്പുകളും മറ്റു വസ്തുക്കളും കത്തിച്ചുകളയാനും നിർദേശം ലഭിച്ചു. ധർമസ്ഥലയിൽ ഭിക്ഷാടനത്തിനെത്തിയ ദരിദ്രരും നിരാലംബരുമായ പുരുഷന്മാരെ ആസൂത്രിതമായി കൊലപ്പെടുത്തിയ നിരവധി കേസുകൾ താൻ കണ്ടിട്ടുണ്ട്.
കൊല നടത്തിയ രീതി വളരെ ക്രൂരമായിരുന്നു. മുറികളിലെ കസേരകളിൽ കെട്ടിയിട്ട് പിന്നിൽനിന്ന് ടവ്വലുകൾ കഴുത്തിലിട്ട് പിറകോട്ട് വലിച്ച് ശ്വാസം മുട്ടിച്ചു. തന്റെ കൺമുന്നിലാണ് ഈ കൊലപാതകങ്ങൾ നടന്നത്. ഈ മൃതദേഹങ്ങൾ കാട്ടിൽ ആഴത്തിൽ കുഴിച്ചിടാൻ നിർദേശം ലഭിച്ചു. ചിലപ്പോഴൊക്കെ തെളിവുകൾ അവശേഷിക്കാതിരിക്കാൻ ഡീസൽ ഒഴിച്ച് കത്തിക്കാൻ ഉത്തരവിട്ടിരുന്നു. നൂറുകണക്കിന് മൃതദേഹങ്ങൾ ഈ രീതിയിൽ സംസ്കരിച്ചിട്ടുണ്ടാകുമെന്ന് താൻ കണക്കാക്കുന്നു.
2014 ആയപ്പോഴേക്കും അനുഭവിച്ചുകൊണ്ടിരുന്ന മാനസിക പീഡനം അസഹനീയമായി. സൂപ്പർവൈസറുമായി ബന്ധപ്പെട്ട ഒരാൾ തന്റെ കുടുംബത്തിലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചപ്പോൾ എത്രയും വേഗം രക്ഷപ്പെടണമെന്ന് മനസ്സിലാക്കി. ആ വർഷം ഡിസംബറിലായിരുന്നു പലായനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

