ഉത്തരവാദിത്തമുള്ള എ.ഐ; സമഗ്ര ചട്ടക്കൂട് കമ്മിറ്റി രൂപവത്കരിച്ച് കർണാടക
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: സർക്കാർ സംവിധാനങ്ങളിലും പൊതുസേവനങ്ങളിലും സുരക്ഷിതവും ധാർമികവും സുതാര്യവുമായ എ.ഐ സംവിധാനം രൂപപ്പെടുത്തുന്നതിന് സമഗ്ര ചട്ടക്കൂട് കമ്മിറ്റി രൂപവത്കരിച്ചതായി കർണാടക സർക്കാർ അറിയിച്ചു. ഇൻഫോസിസ് സഹസ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ ചെയർമാനും കർണാടക സർക്കാറിന്റെ ഇലക്ട്രോണിക്സ്, ഐ.ടി, ബയോടെക്നോളജി, സയൻസ് ആന്ഡ് ടെക്നോളജി വകുപ്പ് സെക്രട്ടറി എൻ. മഞ്ജുള സഹ ചെയർമാനുമായ കമ്മിറ്റിയിൽ വ്യവസായം, അകാദമിക്, നയം, നിയമം എന്നിവയിലെ പ്രമുഖ വിദഗ്ധർ ഉൾപ്പെടുന്നു.
കമ്മിറ്റിയുടെ ആദ്യയോഗത്തിൽ, അതിവേഗം വികസിക്കുന്ന എ.ഐ ലാൻഡ്സ്കേപ്പിനെക്കുറിച്ചും പ്രത്യേകിച്ച് പൗരന്മാരെ സ്വാധീനിക്കുന്ന സംവിധാനങ്ങളിൽ എ.ഐ സാങ്കേതികവിദ്യകളുടെ ഉത്തരവാദിത്തപരമായ ഉപയോഗം ഉറപ്പാക്കുന്നതിന് ശക്തമായ ഭരണ ചട്ടക്കൂടുകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്തു. സർക്കാരിന്റെ എ.ഐ സംവിധാനങ്ങൾ സുരക്ഷിതവും, നീതിയുക്തവും, സുതാര്യവും, ഉത്തരവാദിത്തമുള്ളതുമാണെന്ന് ഉറപ്പാക്കുന്നതിനൊപ്പം നവീകരണം പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെ, കർണാടകക്കായി ഉത്തരവാദിത്തമുള്ള എ.ഐ നയം നടപ്പാക്കുന്നതിനുള്ള രൂപരേഖയും കമ്മിറ്റി വികസിപ്പിക്കും.
ഡീപ് ടെക് ദശകത്തിലേക്ക് കടക്കുന്ന കർണാടക, എ.ഐ നവീകരണം ത്വരിതപ്പെടുത്തുന്നതിൽ മാത്രമല്ല, ഈ സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെയും പൊതുതാൽപര്യത്തിനും അനുസൃതമായി വിന്യസിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഐ.ടി മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. അത്യാധുനികവും ഉത്തരവാദിത്തമുള്ളതുമായ എ.ഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ കർണാടകയെ തുടർന്നും നയിക്കാൻ ഈ സംരംഭം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചട്ടക്കൂട് വികസിപ്പിക്കുമ്പോൾ കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകളെക്കുറിച്ച് അംഗങ്ങൾ ചർച്ച ചെയ്തു. പൗരൻമാരുടെ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ട എ.ഐ രീതികൾ തിരിച്ചറിയുന്നതിലും കമ്മിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഈ അവസരം ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ, ഉത്തരവാദിത്തമുള്ള എ.ഐക്കായി സമഗ്ര ചട്ടക്കൂട് വികസിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കർണാടകക്ക് മാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

