ബംഗളൂരു ചരിത്രം പറഞ്ഞ് ലാൽബാഗിൽ റിപ്പബ്ലിക് ദിന പുഷ്പമേള
text_fieldsലാൽബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേളയിൽനിന്ന്
ബംഗളൂരു: ബംഗളൂരു നഗരത്തിന്‍റെ 1500 വർഷത്തെ ചരിത്രം പറഞ്ഞ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിൽ റിപ്പബ്ലിക് ദിന പുഷ്പമേള. വെള്ളിയാഴ്ച തുടങ്ങിയ മേള മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ഉദ്ഘാടനം ചെയ്തത്.നഗരത്തിന്‍റെ 1500ലേറെ വർഷങ്ങളുടെ പഴക്കം പ്രദർശനത്തിലൂടെ കാഴ്ചക്കാരിലെത്തിക്കുകയാണ് ഇത്തവണത്തെ ലക്ഷ്യം. പുഷ്പമേളയുടെ 213ാമത് എഡിഷനാണ് ഇത്തവണത്തേത്. ഹോർട്ടികൾചർ വകുപ്പാണ് പ്രധാന സംഘാടകർ. കഴിഞ്ഞ പുഷ്പമേളകൾക്കെല്ലാം വൻ സന്ദർശകരാണ് എത്താറുള്ളത്. ഇത്തവണയും സന്ദർശകരുടെ ആധിക്യം പ്രതീക്ഷിക്കുന്നു.
കുടുംബവുമൊത്ത് സമയം ചെലവഴിക്കാൻ പറ്റുന്നതാണ് പുഷ്പമേള. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് മേളയുടെ സമയം. ജനുവരി 30നാണ് സമാപനം. പത്തുദിവസത്തെ പുഷ്പമേളയിൽ ഇത്തവണ 12 ലക്ഷത്തോളം പേരെത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ബംഗളൂരുവിനുപുറമെ മറ്റ് ജില്ലകളിൽനിന്നും കേരളമുൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽനിന്നും പുഷ്പമേള ആസ്വദിക്കാൻ സഞ്ചാരികളെത്താറുണ്ട്.
മുതിർന്നവർക്ക് ശനി, ഞായർ ദിവസങ്ങളിൽ 75 രൂപയും മറ്റ് ദിവസങ്ങളിൽ 70 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുഴുവൻ ദിവസങ്ങളിലും 30 രൂപയാണ് നിരക്ക്. സ്‌കൂൾ വിദ്യാർഥികൾക്ക് യൂനിഫോമും തിരിച്ചറിയൽ കാർഡുമുണ്ടെങ്കിൽ സൗജന്യ പ്രവേശനം അനുവദിക്കും.
പുഷ്പങ്ങളിലൂടെ ചരിത്രം
ഗ്ലാസ് ഹൗസിനുള്ളിൽ നഗരത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ശില്പങ്ങളായും ചിത്രങ്ങളായും മേളയിൽ കാണാം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നും എത്തിച്ച അപൂർവയിനത്തിൽപ്പെട്ട പൂക്കൾ പ്രത്യേകതയാണ്. പുഷ്പങ്ങൾകൊണ്ട് നിർമിച്ച വിധാൻ സൗധ, നന്ദി ക്ഷേത്രം, ഹൈകോടതി കെട്ടിടം തുടങ്ങിയവും പുഷ്മമേളയുടെ ആകർഷണമാണ്.
ലാൽബാഗിലെ വിവിധയിടങ്ങളിൽ സ്ഥാപിച്ച ക്യു.ആർ കോഡുകൾ സ്കാൻ ചെയ്താൽ ബംഗളൂരുവിന്‍റെ ചരിത്രമറിയാം. നഗരത്തിലെ പ്രധാന ചരിത്രസംഭവങ്ങളും ചരിത്രനിർമിതികളെക്കുറിച്ചുള്ള വിവരണവും വിഡിയോയായി കാണാം.
രണ്ടു വലിയ സ്‌ക്രീനുകൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. മുഴുവൻ സമയവും ഈ സ്‌ക്രീനുകളിൽ നഗരത്തിന്‍റെ ചരിത്രവിവരണമുണ്ടാകും. നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മിതിക് സൊസൈറ്റിയെന്ന സന്നദ്ധ സംഘടനയുമായി ചേർന്നാണ് ഈ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയ ശിലാലിഖിതങ്ങളുടെ പകർപ്പുകളും ആദ്യകാലത്ത് ബംഗളൂരു ഉൾപ്പെടുന്ന മൈസൂരു സ്റ്റേറ്റിൽ ഉപയോഗിച്ചിരുന്ന നാണയങ്ങളുമെല്ലാം ബൊട്ടാണിക്കൽ ഗാർഡനിലെ ഗ്ലാസ്ഹൗസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ബേഗൂരിൽ നിന്ന് കണ്ടെത്തിയ ശിലാലിഖിതത്തിന്‍റെ പകർപ്പാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
മെട്രോയോ ടാക്സിയോ എളുപ്പം
പുഷ്മമേളക്ക് എത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുക എന്നത് ഏറെ ദുഷ്കരമാണ്. അതിനാൽതന്നെ ടാക്സികളെ ആശ്രയിക്കുന്നതാണ് ഉചിതം.
മെട്രോ ഗ്രീൻലൈനിൽ യെലഹങ്ക ഭാഗത്തേക്ക് യാത്ര ചെയ്ത് ലാൽബാഗ് സ്റ്റേഷനിൽ ഇറങ്ങുകയാണ് വേണ്ടത്. കാർ പാർക്കിങ് ശാന്തിനഗർ ബസ്സ്റ്റാൻഡിലാണുള്ളത്. ഇവിടെ ജെ.സി റോഡിലാണ് ബി.ബി.എം.പി കാർ പാർക്കിങ് സൗകര്യം. അൽ അമീൻ കോളജിലും ഡബിൾ റോഡ് ഗേറ്റിനരികെയുള്ള ഹോപ്കോംസ് പരസരത്തുമാണ് ഇരുചക്ര വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

