റിപ്പബ്ലിക് ദിനാഘോഷം: കനത്ത സുരക്ഷ
text_fieldsറിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന മനേക്ഷാ ഗ്രൗണ്ടിൽ നിരീക്ഷണ കാമറ സ്ഥാപിക്കുന്നു
ബംഗളൂരു: ഇപ്രാവശ്യത്തെ സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷം വ്യാഴാഴ്ച എം.ജി റോഡിലെ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ കനത്ത സുരക്ഷയോടെ നടക്കും.38 സംഘങ്ങളിലായി 1520 പേർ പരേഡിൽ പങ്കെടുക്കും. സംസ്ഥാന പൊലീസ് ടീമും പങ്കെടുക്കും. പ്രതിരോധ സേനകളുടെ സംഘം, സി.ആർ.പി.എഫ്, എൻ.സി.സി കാഡറ്റുകൾ, സ്കൗട്സ് ആൻഡ് ഗൈഡ്സ്, വിവിധ സ്കൂളുകൾ എന്നിവയും പരേഡിന്‍റെ ഭാഗമാകും. രാവിലെ ഒമ്പതിന് ഗവർണർ താവർ ചന്ദ് ഗെഹ്ലോട്ട് പതാക ഉയർത്തും.
1200 പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ നിരീക്ഷണ കാമറകളും കൂടുതലായി സ്ഥാപിച്ചിട്ടുണ്ട്. 3000 പ്രവേശന പാസുകളാണ് നൽകിയിരിക്കുന്നത്. വിദ്യാർഥികളുടെ രക്ഷിതാക്കൾക്കാണ് ഇതിൽ മുൻഗണന. കബൻ റോഡ് ഭാഗത്ത് മണിപ്പാൽ സെന്‍ററിൽ നിന്നുള്ള നാലാം നമ്പർ ഗേറ്റിലൂടെയാണ് പൊതുജനങ്ങൾ പ്രവേശിക്കേണ്ടത്. എല്ലാവരും രാവിലെ 8.30ഓടെ തന്നെ എത്തണമെന്ന് പൊലീസ് നിർദേശം നൽകി.
ബി.ബി.എം.പി ചീഫ് കമീഷണർ തുഷാർ ഗിരിനാഥ്, പൊലീസ് കമീഷണർ പ്രതാപ് റെഡ്ഡി എന്നിവരാണ് വാർത്തസമ്മേളനത്തിൽ വിവരങ്ങൾ അറിയിച്ചത്. പരേഡിനുശേഷം സ്കൂൾ വിദ്യാർഥികളടക്കം പങ്കെടുക്കുന്ന സാംസ്കാരിക പരിപാടിയും നടക്കും. 2000 സ്കൂൾ വിദ്യാർഥികൾ പങ്കെടുക്കുന്ന മൂന്നു പരിപാടികളാണ് നടക്കുക.