വിപുലമായ റിപ്പബ്ലിക് ദിനാഘോഷം; ഭരണഘടന സംരക്ഷണത്തിന് ആഹ്വാനം ചെയ്ത് ഗവർണർ
text_fieldsബംഗളൂരു: നഗരഹൃദയത്തിലെ ഫീൽഡ് മാർഷൽ മനേക്ഷ പരേഡ് ഗ്രൗണ്ടിൽ നടന്ന 77ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വർണാഭമായ ചടങ്ങിൽ കർണാടക ഗവർണർ തവാർ ചന്ദ് ഗെഹ്ലോട്ട് ദേശീയ പതാക ഉയർത്തി.
ഗവർണർ പരേഡ് പരിശോധിക്കുകയും അഭിവാദ്യം സ്വീകരിക്കുകയും ചെയ്തു. കരസേന, വ്യോമസേന, സി.ആർ.പി.എഫ്, തമിഴ്നാട് പൊലീസ്, കർണാടക സിവിൽ പൊലീസ് തുടങ്ങിയവരും എൻ.സി.സി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഉൾപ്പെടെയുള്ള 37 വിഭാഗങ്ങളും പരേഡിൽ അണിനിരന്നു. ഭിന്നശേഷിക്കാരായ കുട്ടികളുടെ വിവിധ ട്രസ്റ്റുകളിൽനിന്നുള്ള പ്രതിനിധികളും പരേഡിന്റെ ഭാഗമായി. റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ ഭരണഘടന മൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാൻ പൗരന്മാർ ഉണർന്നു പ്രവർത്തിക്കണമെന്നും ഉത്തരവാദിത്തത്തോടെ വോട്ട് വിനിയോഗിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സംസ്ഥാന സർക്കാറിന്റെ അഞ്ച് പ്രധാന ഗാരന്റി പദ്ധതികളായ ശക്തി, അന്നഭാഗ്യ, ഗൃഹജ്യോതി, ഗൃഹലക്ഷ്മി, യുവനിധി എന്നിവ 1.37 കോടി കുടുംബങ്ങളിലേക്ക് എത്തിയതായും ഇത് സാധാരണക്കാരുടെ സാമ്പത്തിക ശേഷി വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 1400ലധികം വിദ്യാര്ഥികൾ പങ്കെടുത്ത സാംസ്കാരിക പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ഇന്ത്യയുടെ ഏകീകരണത്തെക്കുറിച്ചുള്ള കലാപ്രകടനങ്ങളും നാടൻ കലാരൂപങ്ങളും സദസ്സിന് നവ്യാനുഭവമായി. സുരക്ഷ കാരണങ്ങളാൽ ഇത്തവണ പ്രശസ്തമായ ‘ടൊർണാഡോ’ ബൈക്ക് സ്റ്റണ്ട് പരേഡിൽ ഉൾപ്പെടുത്തിയിരുന്നില്ല.
ചടങ്ങിനോടനുബന്ധിച്ച് 2000ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിച്ചിരുന്നു. മെഡിക്കൽ ടീമുകൾ, ഫയർഫോഴ്സ്, നൂറിലധികം സി.സി.ടി.വി കാമറകൾ എന്നിവ ഗ്രൗണ്ടിലും പരിസരത്തും സജ്ജീകരിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, മറ്റു മന്ത്രിമാർ, സൈനിക മേധാവികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ ജില്ല ആസ്ഥാനങ്ങളിലും സമാനമായ രീതിയിൽ വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു. മൈസൂരുവിൽ നടന്ന പരേഡിൽ പൗരകാർമികർ (ശുചീകരണ തൊഴിലാളികൾ) പങ്കെടുത്തത് ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

