ശിശുവിവാഹം തടയാൻ നടപ്പാക്കിയ ‘മിഷൻ സുരക്ഷ’ വിജയകരമെന്ന് റിപ്പോർട്ട്
text_fieldsബംഗളൂരു: ജില്ലയിലെ ശിശുവിവാഹങ്ങളും പോക്സോ കേസുകളും തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ശിവമൊഗ്ഗയിൽ നടപ്പാക്കിയ ‘മിഷൻ സുരക്ഷ’ പദ്ധതിക്ക് മികച്ച പ്രതികരണം. കഴിഞ്ഞ വർഷം ജൂലൈയിൽ ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ 54 ശിശുവിവാഹങ്ങൾ തടയാൻ സാധിച്ചതായി ശിശുസംരക്ഷണ വകുപ്പ് അറിയിച്ചു. ശിവമൊഗ്ഗയിലെ ഈ മാതൃക പിന്തുടർന്ന് ചിക്കമഗളൂരു, കലബുറഗി ജില്ലകളിലും പദ്ധതി നടപ്പാക്കി വരികയാണ്.
2024ലെ കണക്കനുസരിച്ച് കർണാടകയിൽ ശിശുവിവാഹങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തും പോക്സോ കേസുകളിൽ മൂന്നാം സ്ഥാനത്തുമായിരുന്നു ശിവമൊഗ്ഗ. ഈ സാഹചര്യം കണക്കിലെടുത്ത് അന്നത്തെ ഡെപ്യൂട്ടി കമീഷണർ ഗുരുദത്ത ഹെഗ്ഡെയും ജില്ല പഞ്ചായത്ത് സി.ഇ.ഒ ഹേമന്തും ചേർന്നാണ് മിഷൻ സുരക്ഷ പദ്ധതിക്ക് രൂപം നൽകിയത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ നിരീക്ഷണ സമിതികൾ രൂപവത്കരിച്ചാണ് പദ്ധതി പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വനിത അംഗങ്ങൾ, ആശാ-അംഗൻവാടി പ്രവർത്തകർ, അധ്യാപകർ, ഡോക്ടർമാർ എന്നിവരടങ്ങുന്ന സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ഓരോ സമിതി അംഗത്തിനും 18 വയസ്സിന് താഴെയുള്ള നാലോ അഞ്ചോ പെൺകുട്ടികളുടെ ചുമതല നൽകിയിട്ടുണ്ട്. കുട്ടികൾ സ്കൂളിലെത്തുന്നില്ലെങ്കിൽ അംഗങ്ങൾ നേരിട്ട് വീടുകളിലെത്തി കാരണം അന്വേഷിക്കും. നഗരങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റാണ് കമ്മിറ്റിയുടെ തലവൻ. വനിത യു.എൽ.ബി അംഗങ്ങൾ, സർക്കിൾ പൊലീസ് ഇൻസ്പെക്ടർ, അധ്യാപകർ, വിദ്യാര്‍ഥികൾ, ശിശു വികസന പദ്ധതി ഓഫിസർ, നാമനിർദേശം ചെയ്യപ്പെട്ട രണ്ട് എൻ.ജി.ഒ അംഗങ്ങൾ, തൊഴിൽ, സാമൂഹിക ക്ഷേമ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ ഇതിൽ അംഗങ്ങളാണ്. നേരത്തെ മൂന്ന് മാസത്തിലൊരിക്കൽ കമ്മിറ്റികൾ യോഗം ചേരാറുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ എല്ലാ മാസവും യോഗങ്ങൾ നടക്കുന്നുണ്ട്. കുടിയേറ്റക്കാരായ കുട്ടികൾ, ഒരു രക്ഷിതാവ് മാത്രമുള്ള കുട്ടികള്‍ തുടങ്ങി ലൈംഗികാതിക്രമങ്ങൾക്കിരയാകാൻ സാധ്യതയുള്ളവരുടെ വിവരങ്ങൾ ‘മിഷൻ സുരക്ഷ’ വെബ്സൈറ്റിൽ ഉൾപ്പെടുത്തും.
ശിശുവിവാഹങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയുന്നുണ്ടെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഒളിച്ചോടിപ്പോകുന്ന കേസുകൾ നിയന്ത്രിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് ജില്ല ശിശുസംരക്ഷണ ഓഫിസർ ആർ. മഞ്ജുനാഥ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ അധികവും റിപ്പോർട്ട് ചെയ്യപ്പെടുന്നത് സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചവർക്കിടയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുജന പങ്കാളിത്തത്തോടു കൂടി മാത്രമേ ഇത്തരം സാമൂഹിക വിപത്തുകൾ പൂർണമായും തുടച്ചുനീക്കാൻ കഴിയൂവെന്ന് ശിശുസംരക്ഷണ ഡയറക്ടറേറ്റ് പ്രോജക്ട് ഡയറക്ടർ ഹലീമ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

