രേണുക സ്വാമി വധക്കേസ്;പ്രതികളുടെ ജാമ്യത്തിനെതിരായ ഹരജി സുപ്രീം കോടതി 22ന് പരിഗണിക്കും
text_fieldsബംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ കന്നഡ താരങ്ങളായ ദർശൻ തൂഗുദീപ, പവിത്ര ഗൗഡ എന്നിവർക്കും മറ്റു പ്രതികൾക്കും ജാമ്യം അനുവദിച്ച കർണാടക ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള ഹരജിയിൽ സുപ്രീം കോടതി ഏപ്രിൽ 22ന് വാദം കേൾക്കും.
കർണാടക സർക്കാറിനുവേണ്ടി അഭിഭാഷകൻ അനിൽ സി. നിഷാനിയുടെ അടിയന്തര പരാമർശത്തെ തുടർന്നാണ് ഹരജി പരിഗണിക്കാൻ ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചത്. കേസിൽ രണ്ടാം പ്രതിയായ ദർശൻ തൂഗുദീപ 2024 ജൂൺ 11 മുതൽ കസ്റ്റഡിയിലായിരുന്നു. 131 ദിവസം കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം 2024 ഒക്ടോബർ 30ന് ആരോഗ്യ കാരണങ്ങളാൽ ദർശന് കർണാടക ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
കുറ്റപത്രത്തിൽ പരാമർശിച്ചിരിക്കുന്ന മറ്റു പ്രതികൾക്കും ഹൈകോടതി പിന്നീട് ജാമ്യം നീട്ടി. ദർശനും മറ്റ് 16 പ്രതികൾക്കും ജാമ്യം നൽകിയതിനെ ചോദ്യം ചെയ്ത് കർണാടക സർക്കാർ കഴിഞ്ഞ ജനുവരി ആറിന് സുപ്രീം കോടതിയെ സമീപിച്ചു.ഹൈകോടതിയുടെ ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യാൻ ജനുവരി 24ന് സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.
എന്നാൽ, അതിന്റെ സാധുത ചോദ്യം ചെയ്യുന്ന കർണാടക സർക്കാറിന്റെ ഹരജി പരിശോധിക്കാൻ സമ്മതിച്ചു. മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര അവതരിപ്പിച്ച വാദങ്ങൾ കേട്ട ശേഷം ദർശൻ തൂഗുദീപക്കും മറ്റ് പ്രതികൾക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഹരജിയിൽ പ്രതികളുടെ മറുപടി ഏപ്രിൽ 22ന് മുമ്പായി സമർപ്പിക്കാനും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

