ഉപ മുഖ്യമന്ത്രിയെ സന്ദർശിച്ച് നടൻ ദർശന്റെ ഭാര്യ
text_fieldsദർശനും ഭാര്യയും
ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ ജയിലിൽ കഴിയുന്ന കന്നട സൂപ്പർതാരം ദർശന്റെ ഭാര്യ വിജയലക്ഷ്മി ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. ശിവകുമാറിനെ ബംഗളൂരുവിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് സന്ദർശിച്ചത്. മകനെ തന്റെ മാനേജ്മെന്റിലുള്ള സ്കൂളിൽ ചേർക്കണമെന്നാവശ്യപ്പെടാനാണ് വിജയലക്ഷ്മി എത്തിയതെന്ന് ശിവകുമാർ പറഞ്ഞു. നേരത്തേ ശിവകുമാറിന്റെ സ്കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്.
പിന്നീട് മറ്റൊരു സ്കൂളിലേക്ക് മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും തിരികെ കുട്ടിയെ തങ്ങളുടെ സ്കൂളിൽ ചേർക്കുന്നതിൽ സ്കൂളിന്റെ പ്രിൻസിപ്പൽ പ്രവേശനം നിഷേധിച്ചു. ഇതേത്തുടർന്നാണ് വിജയലക്ഷ്മി എത്തിയതെന്നും പ്രിൻസിപ്പലിനെ വിളിച്ച് സംസാരിക്കാമെന്ന് അവരെ അറിയിച്ചതായും ശിവകുമാർ പറഞ്ഞു. ദർശന് നീതി ലഭിച്ചിട്ടില്ലെങ്കിൽ താൻ സഹായിക്കുമെന്ന് കഴിഞ്ഞദിവസം ശിവകുമാർ പറഞ്ഞിരുന്നു. ദർശന് നീതി ലഭിച്ചിട്ടില്ലെന്ന് ആരാധകർ മുദ്രാവാക്യം വിളിക്കുന്നതു കണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ശിവകുമാർ വിശദീകരിച്ചു. കേസിന്റെ അന്വേഷണത്തിലോ കോടതി കാര്യത്തിലോ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

