രേണുക സ്വാമിയെ ഷോക്കേൽപിച്ചതായി കൂട്ടുപ്രതിയുടെ മൊഴി
text_fieldsബംഗളൂരു: രേണുക സ്വാമി കൊല്ലപ്പെട്ട കേസ് തേച്ചു മായ്ക്കാനും പ്രതിയാവുന്നത് ഒഴിവാക്കാനും നടൻ ദർശൻ പലരുമായും ബന്ധപ്പെട്ടതായി പൊലീസ് കണ്ടെത്തി. അഡി. ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ (24) സമർപ്പിച്ച റിമാൻഡ് അപേക്ഷയിൽ പൊലീസ് ഇക്കാര്യങ്ങൾ വിശദമാക്കുന്നു. രേണുക സ്വാമിയെ ഷോക്കേൽപിച്ചതായി കൂട്ടുപ്രതിയുടെ മൊഴിയിലുണ്ട്. നടൻ ദർശൻ, കുറ്റകൃത്യത്തിനു ശേഷം അകന്നു കഴിയുന്ന ഭാര്യ വിജയലക്ഷ്മിയുടെ വീട്ടിൽ നടന്ന പൂജയിൽ പങ്കെടുത്തതായും പൊലീസ് കണ്ടെത്തി.
ചോദ്യംചെയ്യലിൽ ഭാര്യ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നടന്റെ ചെരുപ്പ് വിജയലക്ഷ്മിയുടെ വീട്ടിൽനിന്നു പൊലീസ് കണ്ടെടുത്തിരുന്നു. പൂജക്കുശേഷം മൈസൂരുവിലേക്ക് പോയ ദർശനെ അവിടെനിന്നാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും അഞ്ച് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ വിജയലക്ഷ്മി മൊഴി നൽകി. ദർശനുമായുള്ള നടി പവിത്ര ഗൗഡയുടെ ബന്ധത്തെ ചോദ്യം ചെയ്യുകയും നടിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചതിന് ആരാധകനെ കൊലപ്പെടുത്തിയെന്നുമാണ് കേസ്.

