നവീകരിച്ച കലാസിപാളയം ബസ് സ്റ്റാൻഡ് തുറന്നു
text_fieldsനവീകരിച്ച കലാസിപാളയം ബസ് സ്റ്റാൻഡ്
ബംഗളൂരു: പുതുമോടിയണിഞ്ഞ കലാസിപാളയ ബി.എം.ടി.സി ബസ് സ്റ്റാൻഡ് യാത്രക്കാർക്കായി തുറന്നു. 4.25 ഏക്കറിലായി 63.17 കോടി രൂപ ചെലവിട്ടാണ് ബസ് സ്റ്റാൻഡ് നവീകരണം പൂർത്തിയാക്കിയത്.
വെള്ളിയാഴ്ച നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉദ്ഘാടനം നിർവഹിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ, നഗരത്തിൽ സർവിസ് നടത്തുന്ന ബി.എം.ടി.സി ബസുകൾക്കായി 18 ട്രാക്കുകളാണ് ഒരുക്കിയിട്ടുള്ളത്. നഗരത്തിനു പുറത്തേക്ക് സർവിസ് നടത്തുന്ന കർണാടക ആർ.ടി.സി ബസുകൾക്കായി ആറു ട്രാക്കുകളുമുണ്ട്. കർണാടകക്കു പുറത്തേക്ക് സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്കായി പ്രത്യേക പാർക്കിങ് കേന്ദ്രവും ഇതോടനുബന്ധിച്ചുണ്ട്. വൃത്തിയുള്ള ശുചിമുറി, എസ്കലേറ്റർ സംവിധാനം, ലിഫ്റ്റ്, ഭക്ഷണശാലകൾ എന്നിവക്ക് പുറമെ സമീപത്തായി ഓട്ടോ സ്റ്റാൻഡും പ്രത്യേകം ഒരുക്കിയിട്ടുണ്ട്.
ബസ് സ്റ്റാൻഡ് നവീകരണത്തിനിടയിലും മലയാളികളുടെ വാണിജ്യ കേന്ദ്രങ്ങളിലൊന്നായ കലാസിപാളയ മേഖലയിലേക്ക് കേരള ആർ.ടി.സി സർവിസുകളില്ലാത്തത് മലയാളി യാത്രക്കാരെ വലക്കുന്നുണ്ട്. മുമ്പ് കേരള ആർ.ടി.സിയുടെ ബസ് സർവിസുകളും റിസർവേഷൻ കൗണ്ടറുമടക്കമുള്ള സംവിധാനങ്ങൾ കലാസിപാളയയിൽ ഉണ്ടായിരുന്നു. പിന്നീട് ഇത് നിർത്തലാക്കി. ഇവിടെനിന്ന് വടക്കൻ കേരളത്തിലേക്കുണ്ടായിരുന്ന ബസ് സർവിസുകൾ മൈസൂരു റോഡിലെ സാറ്റലൈറ്റ് ടെർമിനലിലേക്ക് മാറ്റി. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്കുള്ള ബസ് സർവിസുകൾ കലാസിപാളയയിൽനിന്ന് പുനരാരംഭിക്കണമെന്ന് ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

