ചെറിയ പ്ലോട്ടുകളിലെ ഭവന നിർമാണ നിയമങ്ങളില്‍ ഇളവ്
text_fieldsബംഗളൂരു: ബംഗളൂരുവിലെ ഭവന നിർമാണ നിയമങ്ങളില്‍ ഇളവ് വരുത്തി സർക്കാർ. ഇതോടെ വർഷങ്ങളായി സ്ഥല ഉടമകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്ന ചില കർശന നിയമങ്ങൾ ലഘൂകരിക്കപ്പെടും. 4,000 ചതുരശ്ര മീറ്റർ വരെയുള്ള പ്ലോട്ടുകളിൽ നിർമിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കുള്ള സെറ്റ്ബാക്ക് നിയമങ്ങൾ ലഘൂകരിക്കുന്നതിന് നഗരവികസന വകുപ്പ് (യു.ഡി.ഡി) 2015ലെ പുതുക്കിയ മാസ്റ്റർ പ്ലാൻ (ആർ.എം.പി) ഭേദഗതി ചെയ്തു.
പുതുക്കിയ നിയമ ഭേദഗതിയനുസരിച്ച് പ്ലോട്ടിന്റെ വലുപ്പത്തെ അടിസ്ഥാനമാക്കിയാണ് യു.ഡി.ഡി മാനദണ്ഡങ്ങൾ ക്രമീകരിച്ചത്. 60 ചതുരശ്ര മീറ്റർ (20x30 അടി) വിസ്തീർണമുള്ള പ്ലോട്ടുകൾക്ക് മുൻവശത്തെ സെറ്റ്ബാക്ക് 0.7 മീറ്ററായി കുറച്ചു.
ഇരുവശത്തും 0.6 മീറ്ററാണ് അനുവദനീയം. ഈ വിഭാഗത്തിന് പിൻവശത്തെ സെറ്റ്ബാക്ക് നിര്‍ബന്ധമല്ലാതാക്കി. നിര്‍മാണം നടത്താതെ ഒഴിച്ചിടേണ്ട സ്ഥലത്തെയാണ് സെറ്റ് ബാക്ക് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. 150 ചതുരശ്ര മീറ്റർ വരെയുള്ള പ്ലോട്ടുകൾക്ക് (30x40 അടി) മുൻവശത്തെ സെറ്റ്ബാക്ക് 0.9 മീറ്ററായി കുറച്ചു.
പിന്നിൽ 0.7 മീറ്റർ സെറ്റ്ബാക്കും വശങ്ങളിലെ ഒരു അതിരിൽ 0.7 മീറ്റർ സെറ്റ്ബാക്കും ആവശ്യമാണ്. 250 ചതുരശ്ര മീറ്റർ വരെയുള്ള പ്ലോട്ടുകൾക്ക് അനുവദനീയമായ പരമാവധി കെട്ടിട ഉയരം താഴത്തെ നില ഒഴികെ 12 മീറ്ററായി വിജ്ഞാപനത്തിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. മഴവെള്ളം ഒഴുകിപ്പോകുന്നതിനും ഭൂഗർഭജലം റീചാർജ് ചെയ്യുന്നതിനും കെട്ടിടത്തിന്റെ വശങ്ങളില് ഒഴിച്ചിട്ട ഭാഗത്ത് കല്ലുകൾ പാകുകയോ കട്ടിയുള്ള പ്രതലങ്ങൾ കൊണ്ട് മൂടുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.
നിർമാണ വിദഗ്ധരും സിവിൽ എൻജിനീയർമാരും തീരുമാനം സ്വാഗതം ചെയ്തു. ഒരുകാലത്ത് ഏകീകൃതവും കർക്കശവുമായ സെറ്റ്ബാക്ക് നിയമങ്ങൾ ഇപ്പോൾ പ്ലോട്ടിന്റെ വലുപ്പത്തിനും കെട്ടിടത്തിന്റെ ഉയരത്തിനും അനുസരിച്ചാണെന്ന് അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

