തടാകങ്ങളുടെ ബഫർ സോണ്‍ കുറക്കൽ: ബില്‍ ഗവർണർ തിരിച്ചയച്ചു
text_fieldsബംഗളൂരു: സംസ്ഥാനത്തെ തടാകങ്ങൾക്കും ടാങ്കുകൾക്കും ചുറ്റുമുള്ള ബഫർ സോണുകളുടെ വലിപ്പം കുറക്കുന്നതിനുള്ള നിയമനിർമാണത്തിനുള്ള കർണാടക ടാങ്ക് കൺസർവേഷൻ ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഭേദഗതി) ബിൽ കർണാടക ഗവർണർ തവാർചന്ദ് ഗഹ്ലോട്ട് സർക്കാറിന് തിരിച്ചയച്ചു.
വർഷകാല സമ്മേളനത്തിലാണ് ഇരുസഭകളിലും ബിൽ പാസാക്കിയത്. ഇത് പ്രകാരം ജലാശയങ്ങളുടെ വിസ്തൃതിയെ അടിസ്ഥാനമാക്കി തടാകങ്ങളുടെ ബഫർ സോണുകൾ കുറക്കാൻ നിർദേശിച്ചിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് രാജ്ഭവനില്‍ ലഭിച്ച എതിർപ്പുകൾ ഉദ്ധരിച്ച് ഗവർണർ, ഉന്നയിച്ച വിഷയങ്ങളിൽ സംസ്ഥാന സർക്കാറിൽനിന്ന് വ്യക്തത വേണമെന്നും ഭേദഗതിക്ക് യഥാർഥത്തിൽ പ്രതികൂല ഫലമുണ്ടോ ഇല്ലയോ എന്ന് അറിയേണ്ടതുണ്ടെന്നും പറഞ്ഞു.
ഫയൽ സംസ്ഥാന സർക്കാറിന് തിരികെ നൽകുകയും ഇതില്‍ വ്യക്തത നൽകുകയും വേണമെന്നും ഗവർണറുടെ ഓഫിസിൽനിന്ന് സർക്കാറിന് അയച്ച കത്തിൽ നിര്‍ദേശിച്ചു.
ജലാശയങ്ങൾക്കായി വിസ്തീര്ണമനുസരിച്ച് ബഫർ സോണുകൾ അവതരിപ്പിക്കാനും റോഡുകൾ, പാലങ്ങൾ, വൈദ്യുത ലൈൻ, ജലവിതരണ ലൈൻ, ഭൂഗർഭ ഡ്രെയിനേജ് (യു.ജി.ഡി) ലൈൻ, പമ്പ് ഹൗസ്, മലിനജല സംസ്കരണ പ്ലാന്റ് (എസ്.ടി.പി), മലിനജല പമ്പിങ് സ്റ്റേഷൻ (ഐ.എസ്.പി.എസ്), നീര്‍ത്തടം, കനാലുകള്‍, അനുബന്ധ പ്രവൃത്തികള്‍ തുടങ്ങിയവക്ക് അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ നിർമാണം അനുവദിക്കാനും ബിൽ നിർദേശിച്ചിരുന്നു.
ബിൽ പ്രകാരം, 0.5 ഗുണ്ഡവരെയുള്ള തടാകങ്ങൾക്ക് ബഫർ സോൺ ഉണ്ടാകില്ല. ഒരു ഏക്കർവരെ വിസ്തീർണമുള്ള തടാകങ്ങൾക്ക് ബഫർ സോൺ മൂന്ന് മീറ്ററും ഒന്ന് മുതൽ 10 ഏക്കർവരെ വിസ്തീർണമുള്ള തടാകങ്ങൾക്ക് ആറ് മീറ്ററും 10 മുതൽ 25 ഏക്കർവരെ വിസ്തീർണമുള്ള തടാകങ്ങൾക്ക് 12 മീറ്ററും 25 മുതൽ 100 ഏക്കർവരെ വിസ്തീർണമുള്ള തടാകങ്ങൾക്ക് 24 മീറ്ററും 100 ഏക്കറിൽ കൂടുതലുള്ള തടാകങ്ങൾക്ക് 30 മീറ്ററും ആയിരിക്കും ബഫർ സോൺ.
നിലവിൽ, തടാകങ്ങൾക്ക് 30 മീറ്റർ ബഫർ സോൺ ഉണ്ട്. അവിടെ നിർമാണ പ്രവർത്തനങ്ങൾ അനുവദനീയമല്ല. ബില്ലിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ബംഗളൂരു ടൗൺ ഹാൾ അസോസിയേഷന് തന്റെ ഓഫിസില്‍ നിവേദന സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഗവർണർ സർക്കാറിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
വിദഗ്ധരുടെ അഭിപ്രായത്തിൽ, നിലവിലെ തടാക ബഫർ സോൺ 30 മീറ്റർതന്നെ അപര്യാപ്തമാണെന്നും ആവാസവ്യവസ്ഥയുടെ സംരക്ഷണത്തിന് 300 മീറ്ററെങ്കിലും ബഫർ സോൺ ആവശ്യമാണെന്നും ഈ ഭേദഗതിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാർ വിദഗ്ധ സമിതിയെയോ പൊതുജനങ്ങളെയോ സമീപിച്ചിട്ടില്ലെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

