കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോഡ്
text_fieldsകേരള ടൂറിസം കാമ്പയിനിന്റെ ഭാഗമായി ബംഗളൂരുവിൽ നടന്ന റോഡ് ഷോയിൽ കേരള കലകൾ അവതരിപ്പിച്ച കലാകാരന്മാർ
ബംഗളൂരു: കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ വരവിൽ കഴിഞ്ഞ തവണ സർവകാല റെക്കോഡ്. 2023ൽ 2,18,71641 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിന്റെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. 2024 ജൂൺവരെ 1,08,57181 പേരും സന്ദർശിച്ചു. മധ്യവേനലവധിക്കാലത്ത് ആഭ്യന്തര വിനോദസഞ്ചാരികളെ ആകർഷിക്കാൻ കേരള ടൂറിസം കാമ്പയിൻ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ റോഡ് ഷോ നടന്നുവരികയാണ്. ബംഗളൂരുവിലെ റോഡ് ഷോ വ്യാഴാഴ്ച അരങ്ങേറി.
‘വേനൽക്കാല അവധിക്കാലത്ത് സ്കൂൾ അവധിക്കാല യാത്രക്കാരെയും കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് പുതിയ കാമ്പയിനെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തവണ വടക്കൻ കേരളത്തിൽ, പ്രത്യേകിച്ച് ബേക്കൽ, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഫോക്കസെന്നും കൂടാതെ, മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള അത്ര അറിയപ്പെടാത്ത സ്ഥലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.ഓരോ വർഷങ്ങളിലും കേരളത്തിലെ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർധന വരുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. കോവിഡ് കാലത്തുമാത്രമാണ് ഗണ്യമായ ഇടിവുവന്നത്.
2015ൽ 1.24 കോടി, 2016 ൽ 1.31 കോടി, 2017ൽ 1.46 കോടി, 2018ൽ 1.56 കോടി, 2019ൽ 1.83 കോടി, 2020ൽ 49.88 ലക്ഷം, 2021ൽ 75.37 ലക്ഷം, 2022ൽ 1.88 കോടി, 2023ൽ 2.18 കോടി എന്നിങ്ങനെയാണ് ഇതുവരെയുള്ള ആഭ്യന്തര സഞ്ചാരികളുടെ കണക്ക്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ കോവിഡിന് ശേഷമുണ്ടായ ഇടിവ് പതിയെ ഉയർന്നുവരുന്നേയുള്ളൂ. 2023ൽ 6.49,057 വിദേശ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. 2015ൽ 9.77 ലക്ഷം, 2016ൽ 10.38 ലക്ഷം, 2017ൽ 10.91 ലക്ഷം, 2018ൽ 10.96 ലക്ഷം, 2019ൽ 11.89 ലക്ഷം, 2020ൽ 3.4 ലക്ഷം, 2021ൽ 60,487, 2022ൽ 3.45 ലക്ഷം, 2023ൽ 6.49 ലക്ഷം 2024ൽ ജൂൺവരെ 3.59 ലക്ഷം എന്നിങ്ങനെയാണ് കേരളത്തിലെത്തിയ വിദേശ സഞ്ചാരികളുടെ കണക്ക്. 2023ൽ 43621.22 കോടിയുടെ വരുമാനമാണ് കേരളം ടൂറിസം മേഖലയിലൂടെ നേടിയത്. കേരളത്തിന്റെ മൊത്തം ജി.ഡി.പിയുടെ 12 ശതമാനം ടൂറിസം വരുമാനത്തിലൂടെയാണ് എന്നതും ശ്രദ്ധേയമാണ്. ഹെലി-ടൂറിസം, സീ പ്ലെയിൻ സംരംഭങ്ങളെയും ഉത്തരവാദിത്ത ടൂറിസം പദ്ധതിയെയും റോഡ്ഷോയിൽ അവതരിപ്പിച്ചു. ബിടുബി മീറ്റിൽ നൂറിലേറെ സംരംഭകർ പങ്കെടുത്തു.
ജനുവരി 21ന് ഹൈദരാബാദിൽ നടന്ന ബിടുബി ട്രാവൽ മീറ്റിൽ ആരംഭിച്ച കാമ്പയിനിൽ ജനുവരി മുതൽ മാർച്ച് വരെ അഹ്മദാബാദ്, ചണ്ഡിഗഢ്, ഡൽഹി, ജയ്പൂർ, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ബിടുബി മീറ്റുകൾ നടക്കും. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, സെക്രട്ടറി കെ. ബിജു എന്നിവർ റോഡ്ഷോയിൽ പങ്കെടുത്തു. ചെറുതുരുത്തി കഥകളി സ്കൂള്‍ മാനേജിങ് ഡയറക്ടര്‍ കലാമണ്ഡലം ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കലാകാരന്മാർ അണിനിരന്ന ചെണ്ടമേളം, കേരള നടനം, കളരിപ്പയറ്റ്, കഥകളി, പൂതൻ തിറ, തെയ്യം അവതരണങ്ങളും നടന്നു.
കലാമണ്ഡലം എബിന് ബാബു, കലാമണ്ഡലം അരുണ്‍ (കഥകളി), വടകര ചൂരക്കുടി കളരിയിലെ അരുണ്‍ വിഷ്ണു, അഭിനവ് (കളരിപ്പയറ്റ്), കലാമണ്ഡലം സ്വപ്ന, സ്വാതി എസ്. നായര്‍ (കേരള നടനം), പാലക്കാട് സ്വദേശികളായ സനല്‍ കൃഷ്ണ, പ്രതീഷ് (പൂതൻതിറ), കൊയിലാണ്ടി സ്വദേശി വാസു പണിക്കര്‍ (തെയ്യം), ചെറുതുരുത്തി സ്വദേശി ശ്രീഹരി (ചെണ്ട) എന്നിവർ വേദിയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

