ചൈത്ര കുന്താപുരയിൽനിന്ന് പിതാവിന് സംരക്ഷണം നൽകാൻ ആർ.ഡി.ഒ ഉത്തരവ്
text_fieldsമംഗളൂരു: ചൈത്ര കുന്താപുരയോട് തന്റെ പിതാവിനെ ശാരീരികമോ മാനസികമോ ആയ ഒരുതരത്തിലുള്ള പീഡനത്തിനും വിധേയമാക്കരുതെന്നും അദ്ദേഹത്തിന് സ്വന്തം വീട്ടിൽ ഭയമില്ലാതെ സമാധാനപരമായി താമസിക്കാൻ അനുവദിക്കണമെന്നും കുന്താപുരം സബ് ഡിവിഷനൽ ഓഫിസർ കോടതി ഉത്തരവിട്ടു. കുന്താപുരം താലൂക്കിൽ ചിക്കൻസാൽ റോഡിലെ ബാലകൃഷ്ണ നായികാണ് (71) 2007 ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമപ്രകാരം ഇളവ് തേടി ട്രൈബ്യൂണലിനെ സമീപിച്ചത്.
ഭാര്യയും മകൾ ചൈത്രയും വീടിന്റെ രേഖകൾ അവരുടെ പേരിലേക്ക് മാറ്റാൻ സമ്മർദം ചെലുത്തിയതായി ബാലകൃഷ്ണ നായിക് ഹരജിയിൽ പറഞ്ഞു. വിസമ്മതിച്ചപ്പോൾ ചൈത്രയും കൂട്ടാളികളും ചേർന്ന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ജീവാപായം ഭയന്ന് മംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ ജോലിക്ക് ചേര്‍ന്ന താൻ ഇടക്കിടെ മൂത്ത മകളെ കാണാന്‍ സ്വന്തം നാട്ടില്‍ സന്ദര്‍ശിക്കാറുണ്ട്. ചൈത്രയും അമ്മയും സ്വന്തം വീട്ടില്‍ കയറുന്നത് തടയുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്യുന്നതായി പരാതിയിൽ ആരോപിച്ചു.ബാലകൃഷ്ണ നായിക്കിനെതിരെ കാരണമില്ലാതെ ചൈത്ര പൊതുജനമധ്യത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നും തുടർന്ന് കുന്താപുരം പൊലീസ് സ്റ്റേഷനിൽ ചൈത്ര പരാതി നൽകിയെന്നും ഹരജിയിലുണ്ട്.
വീട്ടിൽ താമസിക്കാൻ അനുവാദം നൽകണമെന്നും ചൈത്രയിൽനിന്ന് തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും ബന്ധപ്പെട്ട സ്വത്തിൽനിന്ന് ലഭിക്കുന്ന വാടക വരുമാനം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഇരുപക്ഷത്തിന്റെയും വാദങ്ങൾ കേട്ടശേഷം കുന്താപുരം അസിസ്റ്റന്റ് കമീഷണർ രശ്മി എസ്.ആർ ഹരജി അനുവദിച്ചു. ബാലകൃഷ്ണ നായിക്കിന് ശാരീരികമോ മാനസികമോ ആയ ഒരു ഉപദ്രവവും ഉണ്ടാക്കരുതെന്നും അദ്ദേഹത്തിന് വീട്ടിൽ ഭയമില്ലാതെ താമസിക്കാൻ അനുവാദം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ചൈത്രയോട് നിർദേശിച്ചു.
2009ലെ ചട്ടങ്ങളിലെ 21ാം വകുപ്പ് പ്രകാരം ബാലകൃഷ്ണ നായിക്കിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് നിയമപ്രകാരം ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കുന്താപുരം പൊലീസ് ഇൻസ്പെക്ടറോട് കോടതി നിർദേശിച്ചു. ഹരജിക്കാരനുവേണ്ടി കുന്താപുരത്തെ അഭിഭാഷകൻ കെ.സി. ഷെട്ടി ഹാജരായി. കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി ടിക്കറ്റ് വാഗ്ദാനം ചെയ്ത് ബിസിനസുകാരനെ അഞ്ചു കോടി രൂപ വഞ്ചിച്ചുവെന്ന കേസിൽ പ്രതിയാണ് സംഘ്പരിവാർ വേദികളിൽ വിദ്വേഷ തീപടർത്തുന്ന പ്രസംഗക ചൈത്ര.
മുസ്‌ലിംകളെ മതപരിവർത്തനം ചെയ്യിച്ച് കുങ്കുമം ചാർത്തിക്കാൻ ഹിന്ദുക്കൾക്ക് കരുത്തുണ്ടെന്ന ചൈത്രയുടെ പ്രസംഗം ഏറെ അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. നിയമസഭ സീറ്റ് വാഗ്ദാനം കോഴക്കേസിൽ ചൈത്രക്കും കൂട്ടാളി ശ്രീകാന്തിനും ബംഗളൂരുവിലെ അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് പുറത്ത് കഴിയുന്നത്.
ഗോവിന്ദ് ബാബു പൂജാരി എന്ന ബിസിനസുകാരന് കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ബി.ജെ.പി ടിക്കറ്റ് ഉറപ്പാക്കാമെന്ന വാഗ്ദാനം ചെയ്ത് അഞ്ചു കോടി തട്ടിയെടുത്തു എന്നാണ് കേസ്. പാർട്ടി ഉന്നതങ്ങളിൽ തനിക്കുള്ള ബന്ധം ചൂണ്ടിക്കാട്ടിയുള്ള ചൈത്രയുടെ ചൂണ്ടയിൽ പൂജാരി കുരുങ്ങുകയായിരുന്നു. 2022 ജൂലൈ മുതൽ 2023 മാർച്ച് വരെ നടന്ന സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചൈത്രക്കെതിരെ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

