പീഡന കേസിൽ അറസ്റ്റിലായ മഠാധിപതിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
text_fieldsലിംഗായത്ത് സമുദായ മഠാധിപതി ശിവമൂർത്തി മുരുഗ ശരണറുവിനെ ജയിൽ വേഷത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നു.
മംഗളൂരു: ദലിത്, പിന്നാക്ക വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ ചിത്രദുർഗ്ഗയിലെ ലിംഗായത്ത് സമുദായ മഠാധിപതി ശിവമൂർത്തി മുരുഗ ശരണറുവിന് ദേഹാസ്വാസ്ഥ്യം. ഇതേതുടർന്ന് വെള്ളിയാഴ്ച ഉച്ചയോടെ ശിവമൂർത്തിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രിയാണ് മഠാധിപതിയെ അറസ്റ്റ് ചെയ്തതെന്ന് ചിത്രദുർഗ്ഗ ജില്ലാ പൊലീസ് സൂപ്രണ്ട് കെ. പരശുറാം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വൈദ്യപരിശോധനക്ക് ശേഷം ജില്ലാ അഡീ. സെഷൻസ് ജഡ്ജിയുടെ വസതിയിൽ ഹാജരാക്കിയ സന്യാസിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. ഇതേത്തുടർന്ന് ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
മഠത്തിന്റെ ഹോസ്റ്റലിൽ താമസിക്കുന്ന 15, 16 വയസ്സുള്ള രണ്ട് ദലിത്, പിന്നാക്ക വിഭാഗ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു എന്നാണ് മഠാധിപതിക്കെതിരായ കേസ്. 'പോക്സോ' ചുമത്തിയിട്ടും സന്യാസിയുടെ അറസ്റ്റ് വൈകുന്നതിൽ വിവിധ മേഖലകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങൾ നൽകിയ പിന്തുണ മഠാധിപതിക്ക് കവചമായി.
പൊലീസിന്റേയും സർക്കാരിന്റേയും നിലപാടിനെതിരെ ബുധനാഴ്ച മുതിർന്ന അഭിഭാഷകർ കർണാടക ഹൈകോടതി റജിസ്ട്രാർ ജനറലിന് കത്തെഴുതിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈകോടതി ഇടപെടലിന് അവസരം നൽകാതെ രാത്രി അറസ്റ്റ് ചെയ്തത്. സിദ്ധാർത്ഥ് ഭൂപതി, ശ്രീറാം ടി. നായക്, ബി.സി. ഗണേഷ് പ്രസാദ്, വി. ഗണേഷ്, കെ.എ. പൊന്നണ്ണ എന്നിവരാണ് കത്തെഴുതിയത്.
പോക്സോ കൂടാതെ പട്ടിക ജാതി/വർഗ്ഗ അതിക്രമം തടയൽ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് സന്യാസിക്കെതിരെ കേസെടുത്തത്. ഹോസ്റ്റൽ വാർഡൻ, ഇരകളെ പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചവർ തുടങ്ങിയവരേയും കേസിൽ പ്രതിചേർത്തതായി ജില്ലാ പോലീസ് മേധാവി പരശുറാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

