നോമ്പോര്‍മകൾ പങ്കുവെച്ച് മലയാളി സംഗമം
text_fieldsഡയലോഗ് സെന്റര്‍ ബാംഗ്ലൂർ ബാനസവാടി ഏരിയയുടെ നേതൃത്വത്തില്‍ നടന്ന സൗഹൃദ ഇഫ്താർ സംഗമത്തില്‍ നിന്ന്
ബംഗളൂരു: മതമൈത്രിയുടെയും സൗഹൃദങ്ങളുടെയും മഹത്വം വിളിച്ചോതി ഹൊരമാവുവിലെ പാർട്ടി ഹാളിലെ നടന്ന ഡയലോഗ് സെന്റര്‍ സൗഹൃദ ഇഫ്താർ. ബംഗളൂരുവിലെ പ്രവാസി സുഹൃദ്സംഘങ്ങൾക്കിടയിൽ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമങ്ങളുടെ ഊഷ്മളത അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്.
മത വിശ്വാസ ഭേദമില്ലാതെ നോമ്പെടുത്താണ് മിക്കവരും സംഗമത്തിനെത്തിയത്. പലരുടെയും ആദ്യത്തെ ഇഫ്താര്‍ ആയിരുന്നു. പള്ളിയില്‍ മഗ് രിബ് ബാങ്ക് മുഴങ്ങിയപ്പോള്‍ കാരക്കയും വെള്ളവും കൊണ്ട് എല്ലാവരും നോമ്പ് തുറന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈദും ഓണവും ഒരുമിച്ച് വന്നപ്പോള്‍ ‘ഈണം’ എന്ന പേരില്‍ ആരംഭിച്ച സംഗമം ഇന്ന് ബംഗളൂരുവിലെ വിവിധ പ്രദേശങ്ങളില്‍ ഒട്ടനവധി ആളുകള്‍ പങ്കെടുക്കുന്ന പ്രധാന സംഗമ വേദികളായി മാറി.
മുതിര്‍ന്നവരും കുട്ടികളുമടക്കം 100ഓളം പേര് പങ്കെടുത്ത പരിപാടിയില്‍ പരസ്പരം നോമ്പിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. ചുവന്നുതുടുത്ത വത്തക്കയാണ് നോമ്പ് എന്ന് ഓർമത്തിരകള്‍ നീക്കി ഒരാള്‍ നോമ്പോര്‍മ്മ പങ്കുവെച്ചപ്പോള്‍, ചൂട് പത്തിരിയും ഇറച്ചിക്കറിയും മുട്ട മാലയുമെല്ലാം മറ്റ് പലരുടേയും നോമ്പോര്‍മ്മയില്‍ മിന്നിമറഞ്ഞു. ഓരോ നോമ്പും വീർപ്പുമുട്ടുന്ന ഓര്‍മകളുടെ ജാലകം കൂടി തുറന്നുനാല്കാറുണ്ട്. മണ്മറഞ്ഞുപോയവരുടെ ഓർമകളില്‍ വിതുമ്പി നിന്നവരും കൂട്ടത്തിലുണ്ടായിരുന്നു. ഔപചാരികതയുടെ മുഖമില്ലാത്ത സംഗമത്തില്‍ നാടിന്റെ ഓർമകള്‍ കൂടി അലതല്ലി വന്നു. സാഹോദര്യവും സ്നേഹവും നിറഞ്ഞുനില്ക്കുന്ന നല്ല നാളുകള്‍ അയവിറക്കി വിഭവ സമൃദ്ധമായി നോമ്പുതുറന്ന് പിരിഞ്ഞ പ്രവാസി മലയാളികളുടെ ഹൃദയങ്ങളില്‍ റമദാൻ രാവുകളുടെ കുളിര് മഴയും പെയ്തിറങ്ങി.
ഡയലോഗ് സെന്റര്‍ ബാനസവാടി ഏരിയസൗഹൃദ ഇഫ്താർ
ബംഗളൂരു: ഡയലോഗ് സെന്റര്‍ ബാംഗ്ലൂരിന്റെ ആഭിമുഖ്യത്തില്‍ ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്ന സൗഹൃദ ഇഫ്താർ സംഗമങ്ങളുടെ ഭാഗമായി ബാനസവാടി ഏരിയയില്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ 100 ഓളം പേര് പങ്കെടുത്തു.
സിറാജ്, ഇസ്മായിൽ അറഫാത്, സാബു ഷഫീഖ്, ഫിർദൗസ്, ഇബ്രാഹിം, ഉമ്മർ ഇൻഫിനിറ്റി, സജ്ജാദ്, അദീബ്, ദിൽബർ, ഹനീഫ്, അക്ബർ അലി, ഷംസീർ, ഷിയാസ് എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

