ധർമസ്ഥലക്ക് ഐക്യദാർഢ്യവുമായി മൈസൂരുവിൽ ‘ജനാഗ്രഹ’റാലി
text_fieldsമൈസൂരുവിൽ നടന്ന ധർമസ്ഥല ഐക്യദാർഢ്യ റാലി
ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥല ശ്രീ മഞ്ജുനാഥ സ്വാമി ക്ഷേത്രത്തിന്റെ പവിത്രത കളങ്കപ്പെടുത്താനും ധർമാധികാരി ഡോ. ഡി. വീരേന്ദ്ര ഹെഗ്ഡെ എം.പിയേയും കുടുംബത്തേയും അപകീർത്തിപ്പെടുത്താനുമുള്ള ഗൂഢാലോചന നടക്കുന്നതായി ആരോപിച്ച് മൈസൂരു നഗരത്തിൽ വൻ സ്ത്രീ പങ്കാളിത്തത്തോടെ ‘ജനാഗ്രഹ’റാലി സംഘടിപ്പിച്ചു.
ധർമസ്ഥലയിലും പരിസര പ്രദേശങ്ങളിലും വർഷങ്ങളായി ലൈംഗിക പീഡനത്തിന് ഇരയായവരെ കൂട്ടത്തോടെ സംസ്കരിച്ചുവെന്ന ആരോപണത്തിൽ എസ്.ഐ.ടി അന്വേഷണം തുടരുന്നതിനിടെ ശ്രീ ക്ഷേത്ര ധർമസ്ഥല അഭിമാനിഗല വേദികെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സിദ്ധാർഥനഗറിലെ ഗുരു ഭവനിൽ നിന്നാരംഭിച്ച റാലി ജില്ല ഡെപ്യൂട്ടി കമീഷണറുടെ ഓഫിസ് പരിസരത്ത് സമാപിച്ചു. കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നേതാക്കളും വിവിധ സംഘടനകളും ധർമസ്ഥല ഭക്തരും അണിനിരന്നു. പുണ്യസ്ഥലത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു.
സിറ്റി ബി.ജെ.പി പ്രസിഡന്റും മുൻ എം.എൽ.എയുമായ എൽ. നാഗേന്ദ്ര, ഹിന്ദു പുണ്യക്ഷേത്ര സംരക്ഷണ സമിതി കൺവീനർ എം.കെ. പ്രേംകുമാർ, മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ എം. ശിവണ്ണ, മുൻ മേയർ സന്ദേശ് സ്വാമി, ശിവകുമാർ, മുഡ മുൻ ചെയർമാൻ എച്ച്.വി. രാജീവ്, മുൻ കോർപറേഷൻ കൗൺസിലർ കെ.വി. മല്ലേഷ്, അഡ്വ. ഒ. ഷാം ഭട്ട്, സിറ്റി യൂത്ത് കോൺഗ്രസ് നേതാവ് മല്ലേഷ് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

