വൻ നാശംവിതച്ച് മഴ; ലക്ഷം ഹെക്ടറിൽ കൃഷിനാശം
text_fieldsപുഴ കരകവിഞ്ഞ് ബിരാല ഗ്രാമത്തിൽ പപ്പായ തോട്ടത്തിലുണ്ടായ നാശം
ബംഗളൂരു: നിർത്താതെ പെയ്യുന്ന കനത്ത മഴയിൽ ജലാശയങ്ങൾ കരകവിഞ്ഞതിനെത്തുടർന്ന് കല്യാണ കർണാടക മേഖലയിൽ വൻതോതിൽ വിളനാശവും ഗതാഗത തടസ്സവും സൃഷ്ടിച്ചു. കലബുറഗി, യാദ്ഗിർ, ബിദർ ജില്ലകളിലാണ് മഴ ശക്തമായത്. കലബുറഗി ജില്ലയിലെ ജാവറഗി താലൂക്കിലെ ബിരാല ഗ്രാമത്തിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 5,800 പപ്പായ മരങ്ങൾ നഷ്ടപ്പെട്ടു. പാട്ടത്തിനെടുത്ത ഭൂമിയിലാണ് കർഷകനായ ഖാജ ഹുസൈനി പപ്പായ കൃഷി ചെയ്തത്.
35 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെള്ളപ്പൊക്കം കാരണം ജെവാർഗി താലൂക്കിലെ നിരവധി ഗ്രാമങ്ങളിലെ കർഷകർക്ക് വിളവെടുപ്പിന് തയാറായ പരുത്തി നഷ്ടപ്പെട്ടു. ബെന്നത്തോറ റിസർവോയറിൽനിന്നുള്ള കനത്ത ജലപ്രവാഹം മൂലം കാലഗി-മൽഗൻ റോഡിലെ പാലം വെള്ളത്തിനടിയിലായതിനെ ത്തുടർന്ന് വാഹന ഗതാഗതം നിർത്തിവെച്ചു. ബെന്നത്തോറ നദി കരകവിഞ്ഞൊഴുകി ഹാലെ ഹെബ്ബാൽ, കനസുരു, മൽഗൻ, തെംഗലി, കൽഗുർത്തി എന്നിവയുൾപ്പെടെ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
വെള്ളപ്പൊക്കത്തെത്തുടർന്ന് ഡോണൂർ സർക്കാർ ഹൈസ്കൂളിന് ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. ബിദർ ജില്ലയിലെ കരഞ്ച, മഞ്ച്ര നദികൾ കരകവിഞ്ഞ് ഗ്രാമങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും ഒഴുകിയെത്തുകയാണ്. ഭാൽക്കി, ഔറാദ്, കമൽനഗർ താലൂക്കുകളിലെ നിരവധി ഗ്രാമങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി ജില്ല മന്ത്രി ഈശ്വർ ഖൻഡ്രെ വിലയിരുത്തി. ജില്ലയിൽ അടുത്തിടെ പെയ്ത മഴയിൽ ഒരു ലക്ഷം ഹെക്ടറിലധികം വിളകൾ നശിച്ചതായി ഖണ്ഡ്രെ പറഞ്ഞു.
പത്ത് ദിവസത്തിനുള്ളിൽ, വിളനാശം സംബന്ധിച്ച സർവേ നടത്തി വിശദാംശങ്ങൾ പോർട്ടലിൽ സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തുംഗഭദ്ര നദിയുടെ തീരത്തുള്ള ഗ്രാമങ്ങളിലും പട്ടണങ്ങളിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടിബി അണക്കെട്ടിൽനിന്ന് 14 ക്രെസ്റ്റ് ഗേറ്റുകളിലൂടെ 55,512 ക്യുസെക്സ് വെള്ളം തുറന്നുവിട്ടു.
അണക്കെട്ടിലേക്ക് ധാരാളം നീരൊഴുക്ക് ലഭിക്കുന്നതിനാൽ വരും ദിവസങ്ങളിൽ പുറത്തേക്കുള്ള ഒഴുക്ക് കൂടുതൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഹംപിയിലെയും അനെഗുണ്ടിയിലെയും നിരവധി സ്മാരകങ്ങൾ ഈ സീസണിൽ അഞ്ചാം തവണയും വെള്ളപ്പൊക്കത്തിലാണ്. തീരദേശ മേഖലയിലും മലനാട് ജില്ലകളിലും കനത്ത മഴ പെയ്യുകയാണ്. ഗെരുസോപ്പ അണക്കെട്ടിൽനിന്ന് ശരാവതി നദിയിലേക്ക് 75,000 ക്യുസെക്സ് വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് ഉത്തര കന്നട ജില്ലയിലെ ഹൊന്നവർ താലൂക്കിലെ നിരവധി ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി.
ദുരിതബാധിത ഗ്രാമങ്ങളിൽ തുറന്നിരിക്കുന്ന 15 ഗ്രുവൽ കേന്ദ്രങ്ങളിലേക്ക് ഗ്രാമീണരെ മാറ്റിപ്പാർപ്പിച്ചു. ഭട്കൽ പട്ടണത്തിലെ ദേശീയപാതയിലും റോഡുകളിലും കനത്ത മഴയെത്തുടർന്ന് വെള്ളം കയറി വാഹനമോടിക്കുന്നവർ ദുരിതത്തിലായി. ഗോകർണക്കടുത്തുള്ള മദനഗേരി ഗ്രാമത്തിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് ഗോകർണ-സിർസി സംസ്ഥാന പാതയിലെ ഗതാഗതത്തെ ബാധിച്ചു. ഹൊന്നാവറിലെ കേണൽ കുന്നിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഉത്തര കന്നഡയിലെ കാസിൽ റോക്കിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 200 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലും ഇടക്കിടെ കനത്ത മഴ പെയ്തു. ശിവമൊഗ്ഗ ജില്ലയിൽ കനത്ത മഴക്ക് ശമനമായില്ല. ജലസംഭരണികളിലേക്ക് ധാരാളം വെള്ളം ഒഴുകിയെത്തുന്നുണ്ട്. ലിംഗനമക്കി അണക്കെട്ട് അതിന്റെ പൂർണ ജലസംഭരണി നിരപ്പിലെത്താൻ വെറും രണ്ടടി മാത്രം മതി. അണക്കെട്ടിൽ നിന്നുള്ള ജലപ്രവാഹം പ്രശസ്തമായ ജോഗ് വെള്ളച്ചാട്ടത്തിന് പുതുജീവൻ പകർന്നിട്ടുണ്ട്.
തുംഗ, ഭദ്ര, മണി അണക്കെട്ടുകൾ അവയുടെ പരമാവധി നിലയിലേക്ക് അടുക്കുകയാണ്. ചിക്കമഗളൂരു ജില്ലയിൽ കനത്ത മഴ പെയ്യുന്നത് ജനജീവിതം ദുസ്സഹമാക്കി. കുടക് ജില്ലയിൽ വ്യാഴാഴ്ച വൈകീട്ട് മുതൽ കനത്ത മഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സാമ്പാജെയിൽ 115 മില്ലിമീറ്റർ മഴയും ബാഗമണ്ഡലയിലും വീരാജ്പേട്ടിലും 100 മില്ലിമീറ്റർ മഴയും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

