മഴക്കെടുതിയിൽ ബംഗളൂരു നഗരം; ഏഴു ജില്ലകളിൽ കനത്ത ജാഗ്രത നിർദേശം
text_fieldsബംഗളൂരു വൈറ്റ് ഫീൽഡ് സായി ലേഔട്ടിൽ കെട്ടിടത്തിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ്
ചെയ്ത് ഒഴിവാക്കുന്ന താമസക്കാർ
ബംഗളൂരു: കാലവർഷത്തിന് മുമ്പെ കനത്ത മഴ തുടരുന്ന കർണാടകയിൽ ഏഴു ജില്ലകളിൽ കനത്ത ജാഗ്രത നിർദേശവുമായി അധികൃതർ. ചൊവ്വാഴ്ച വൈകീട്ട് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറപ്പെടുവിച്ച അറിയിപ്പു പ്രകാരം, തീരദേശ ജില്ലകളിലും തെക്കൻ ഉൾഭാഗങ്ങളായ മലനാട് മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിനുളളിൽ ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ, കുടക്, ശിവമൊഗ്ഗ, ചിക്കമഗളൂരു, ഹാസൻ ജില്ലകളിൽ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഏഴു ജില്ലകളിലും വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകി. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രതയോടെയിരിക്കണമെന്നാണ് നിർദേശം. തൽസ്ഥിതി തുടർന്നാൽ അടുത്ത നാലഞ്ചു ദിവസത്തിനകം കേരളത്തിൽ കാലവർഷത്തിന് ആരംഭമാവുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് വ്യക്തമാക്കി.
അതേസമയം, തലസ്ഥാന നഗരമായ ബംഗളൂരുവിൽ ബുധനാഴ്ചയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച മുതൽ ലഭിച്ച മഴ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചയും അതിശക്തമാവുകയായിരുന്നു. ഇതോടെ നഗരത്തിന്റെ പല മേഖലയും വെള്ളക്കെട്ടിന്റെ ദുരിതത്തിലായിരുന്നു. പലയിടത്തും ഇതിന്റെ ദുരിതമൊഴിഞ്ഞിട്ടില്ല.
വെള്ളം കയറിയ വീടുകളിലും കെട്ടിടങ്ങളിലും ചൊവ്വാഴ്ച ശുചീകരണ പ്രവൃത്തികൾ നടന്നു. ചേരി പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് പൂർണമായും പ്രയാസത്തിലായത്. കഴിഞ്ഞ മൂന്നു ദിവസമായി പലരും നിത്യവൃത്തിക്കുള്ള ജോലിക്കുപോലും പോകാനാവാതെ പ്രയാസപ്പെടുകയാണെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. പല വീടുകളിലും ഭക്ഷ്യധാന്യങ്ങളടക്കം വെള്ളം കയറി നശിച്ചു.
വെള്ളം ഒഴുകിപ്പോകാൻ മതിയായ സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമായതെന്ന് ദുരിതത്തിലായവർ ചൂണ്ടിക്കാട്ടുന്നു. മിക്ക റോഡുകളിലും ഓവുചാലുകൾ അടഞ്ഞ നിലയിലാണ്. വർഷം തോറും മൺസൂണിന് മുമ്പായി ഓവുചാലുകൾ വൃത്തിയാക്കേണ്ടതുണ്ടെന്നും ഇത്തരത്തിലുള്ള അടിസ്ഥാന പ്രവൃത്തികൾ നടക്കാത്തതാണ് ജനത്തെ ദുരിതത്തിലാക്കിയ വെള്ളക്കെട്ടിനിടയാക്കിയതെന്നും അവർ ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ച എക്സ്കവേറ്ററുകളും മറ്റും ഉപയോഗിച്ച് വെളളക്കെട്ട് പരിഹാര നടപടികൾ അധികൃതർ ആരംഭിച്ചു.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി തുടങ്ങിയവർ വിവിധയിടങ്ങളിൽ ദുരിതമേഖലകൾ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് ആർ. അശോകയുടെ നേതൃത്വത്തിൽ ബി.ജെ.പി ജനപ്രതിനിധികളുടെ സംഘവും ദുരിത മേഖലകൾ സന്ദർശിച്ചു.
ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ മിന്നലേറ്റ് മരിച്ചു
മംഗളൂരു: കഴിഞ്ഞ വർഷം ജൂലൈ 16ന് ഉത്തര കന്നട ജില്ലയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ചൊവ്വാഴ്ച മിന്നലേറ്റ് മരിച്ചു. അങ്കോള താലൂക്കിലെ ഉളുവരെ ഗ്രാമത്തിൽ വീടിന്റെ മേൽക്കൂര അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ തമ്മാണി അനന്ത് ഗൗഡയാണ്(65) മരിച്ചത്. മിന്നലേറ്റ് ഗുരുതര പരിക്കോടെ അങ്കോള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. അങ്കോള പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
കരകവിഞ്ഞൊഴുകിയ ഗംഗാവലി നദി തന്റെ വീട്ടിലേക്കും ഇരച്ചുകയറി മരണം മുഖാമുഖം കണ്ട നേരം ഗൗഡ അതിസാഹസികമായാണ് അന്ന് രക്ഷപ്പെട്ടത്. കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ എട്ടുപേർ ദേശീയപാതയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചിരുന്നു.
മഴവെള്ളം പമ്പ് ചെയ്തുകളയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു
ബംഗളൂരു: കനത്തമഴയിൽ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ കയറിയ വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു. ബി.ടി.എം ലേഔട്ട് സെക്കൻഡ് സ്റ്റേജിലെ എൻ.എസ് പാളയയിലുണ്ടായ അപകടത്തിൽ കെട്ടിടത്തിലെ താമസക്കാരനായ മൻമോഹൻ കാമത്ത് (63), കെട്ടിടത്തിന്റെ സുരക്ഷ ജീവനക്കാരന്റെ മകൻ ദിനേശ് (12) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകീട്ട് 6.15നാണ് അപകടം. മോട്ടോർ ഓൺ ചെയ്യാൻ ശ്രമിച്ചപ്പോൾ താഴെ വെള്ളത്തിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. മോട്ടോറിന്റെ ഇലക്ട്രിക്കൽ വയർ വെള്ളക്കെട്ടിൽ തട്ടിയതാകാം ഷോക്കേൽക്കാനിടയാക്കിയതെന്ന് മൈകോ ലേഔട്ട് പൊലീസ് പറഞ്ഞു.
സമീപത്തുനിന്ന ദിനേശിനും ഷോക്കേറ്റു. മറ്റു താമസക്കാർ ഉടൻ മോട്ടോർ കണക്ഷൻ വിച്ഛേദിച്ച ശേഷം ഇരുവരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മംഗളൂരുവിൽ റോഡുകളിൽ വെള്ളപ്പൊക്കം
മംഗളൂരു: റെഡ് അലർട്ട് നിലവിലുള്ള ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ ചൊവ്വാഴ്ച കനത്ത മഴയിലും ശക്തമായ കാറ്റിലും നാശം. മംഗളൂരു ലാൽബാഗിലെ പബ്ബാസ് ഐസ്ക്രീം പാർലറിന് മുന്നിലുള്ള കൂറ്റൻ മരം കടപുഴകി. ആളപായമില്ല. അഗ്നിശമന സേന ശിഖരങ്ങൾ മുറിച്ചുമാറ്റി ഗതാഗത തടസ്സം നീക്കി. അപകട സാധ്യതയുള്ള പാതയോരത്തെ വൃക്ഷം ശിഖരങ്ങൾ മുറിച്ചുനീക്കാൻ കോർപറേഷൻ നടപടിയാരംഭിച്ചു.
ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച കനത്ത മഴ നിർണായകമായ ഉഡുപ്പി-മണിപ്പാൽ റോഡിൽ വീണ്ടും വെള്ളപ്പൊക്കത്തിന് കാരണമായി. ഇതുകാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്നു. മണിപ്പാലിലെ ഐനോക്സിനും ബാച്ചസ് ഇന്നിനും സമീപമുള്ള ഭാഗം പൂർണമായി ഒഴുകുന്ന നദി പോലെയായി.
നിരവധി വാഹനങ്ങൾ ഉഡുപ്പിയിൽ നിന്ന് മണിപ്പാലിൽ എത്താൻ ബദൽ വഴികളിലേക്ക് തിരിച്ചുവിടേണ്ടി വന്നു. എന്നാൽ, ശരിയായ ഡ്രെയിനേജ് സംവിധാനത്തിന്റെ അഭാവം മൂലം മഴവെള്ളം പെട്ടെന്ന് കെട്ടിക്കിടക്കുന്നു. വെള്ളക്കെട്ട് പ്രാദേശിക ബിസിനസുകളെയും ബാധിച്ചു. ഇത് ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

