സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം: റായ്ചൂർ നവോദയ മെഡിക്കൽ കോളജിൽ വിദ്യാർഥികൾ ഏറ്റുമുട്ടി
text_fieldsറായ്ചൂർ നവോദയ മെഡിക്കൽ കോളജിലെ സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർഥികൾ
ബംഗളൂരു: റായ്ചൂർ പട്ടണത്തിനടുത്ത നവോദയ മെഡിക്കൽ കോളജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ, നിരവധി പേർക്ക് പരിക്കേറ്റു. സമൂഹമാധ്യമങ്ങൾ ദുരുപയോഗിച്ചതിനെ തുടർന്നാണ് സംഘർഷമെന്ന് പൊലീസ് പറഞ്ഞു. ഇരുമ്പ് ദണ്ഡുകളുമായാണ് പാരാമെഡിക്കൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.
ശങ്കർ, ശംഭുലിംഗ എന്നീ വിദ്യാർഥികൾക്കാണ് പരിക്ക്. ബി.എസ്സി നഴ്സിങ് വിദ്യാർഥിയായ രോഹിതാണ് ആക്രമണത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശങ്കറും ശംഭുലിംഗയും രോഹിതിന്റെ മൊബൈൽ സ്റ്റാറ്റസിന്റെ സ്ക്രീൻഷോട്ട് എടുത്തിരുന്നു. തന്റെ അമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് രോഹിത് അമ്മയുടെ ഫോട്ടോയാണ് സ്റ്റാറ്റസായി വെച്ചിരുന്നത്. സ്ക്രീൻഷോട്ട് എടുത്തവർ അത് എഡിറ്റ് ചെയ്ത് ലൗ ചിഹ്നങ്ങൾ കൂട്ടിച്ചേർത്ത് കാമ്പസിൽ വൈറലാക്കി. രോഹിതും കൂട്ടരും ഇത് ചോദ്യം ചെയ്യുകയും ആക്രമിക്കുകയുമായിരുന്നൂവെന്നും പൊലീസ് പറഞ്ഞു. അധ്യാപകരുടെ മുന്നിൽ വെച്ചാണ് വിദ്യാർഥികൾ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. നേതാജി നഗർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.

