ക്യു സിറ്റി; ഭാവി സാങ്കേതികവിദ്യാ രംഗത്തേക്ക് കര്‍ണാടകയുടെ കാല്‍വെപ്പ്
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ഭാവി സാങ്കേതിക വിദ്യയായ ക്വാണ്ടം കമ്പ്യൂട്ടിങ്ങിന് വേണ്ടി സ്ഥാപിക്കുന്ന ക്വാണ്ടം സിറ്റി (ക്യു-സിറ്റി)ക്കു വേണ്ടി കര്‍ണാടക സര്‍ക്കാര്‍ ഹെസര്‍ഘട്ടയില്‍ 6.17 ഏക്കര്‍ ഭൂമി അനുവദിച്ചു. ഈ വര്‍ഷം ജൂലൈ മാസത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ക്വാണ്ടം ഇന്ത്യ ഉച്ചകോടി 2025’പരിപാടിയില്‍ പദ്ധതിക്കായി 1000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. 2035 ഓടെ 2000 ഡോളറിന്റെ വ്യവസായമാണ് ക്വാണ്ടം മേഖലയില്‍ പ്രതീക്ഷിക്കുന്നത്. ബംഗളൂരു നഗരത്തെ ഏഷ്യയുടെ ക്വാണ്ടം തലസ്ഥാനമാക്കാന്‍ ഉതകുന്നതാണ് പദ്ധതി.
ഹെസര്‍ഘട്ടയിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്നാണ് 6.17 ഏക്കര്‍ അനുവദിച്ചത്. അധിക ഭൂമി ഘട്ടം ഘട്ടമായി നല്‍കും. പദ്ധതി ഇപ്പോഴും ശൈശവാവസ്ഥയിലാണ്. പദ്ധതിയെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചും പഠിക്കുന്നതിനായി ടാസ്ക് ഫോഴ്സിനെ നിയോഗിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതൊരു ചരിത്ര നിമിഷമാണെന്ന് കര്‍ണാടക ശാസ്ത്ര സാങ്കേതിക മന്ത്രി എന്‍.എസ്. ബൊസെരാജു സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു. ഹെസര്‍ഘട്ടയിലെ ക്വാണ്ടം സിറ്റിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിക്ഷേപം വരുമെന്നും ലോക ക്വാണ്ടം ടെക്നോളജി മാപ്പില്‍ ബാംഗളൂരുവിന് നിര്‍ണായക സ്ഥാനം ലഭിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ലബോറട്ടറികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ തുടങ്ങുന്നതിനുള്ള സൗകര്യങ്ങള്‍, വ്യവസായ സഹകരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഉണ്ടാവും. ഇത് കൂടാതെ ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ സയൻസി (ഐ.സി.ടി.എസ്-ടി.ഐ.എഫ്.ആര്) നായി എട്ടേക്കാര്‍ ഭൂമിയും അനുവദിച്ചു. ഇവ ഒരുമിച്ച് ചേര്‍ന്ന് കര്‍ണാടകയുടെ ശാസ്ത്ര മേഖലയില്‍ കുതിച്ചു ചാട്ടത്തിന് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
ക്വാണ്ടം ഹാര്‍ഡ് വെയര്‍
ക്വാണ്ടം കമ്പ്യൂട്ടര്‍ സാധാരണ ലാപ്ടോപ്പ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ പോലെ ഒരൊറ്റ ഇലക്ട്രോണിക് ഉപകരണമല്ല. ക്വാണ്ടം കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്നത് ക്വാണ്ടം പ്രൊസസ്സറുകളാണ്. സാധാരണ പ്രൊസസ്സറുകള്‍ ബൈനറി സിസ്റ്റം(1 അല്ലെങ്കില്‍ 0) ഉപയോഗിച്ച് പ്രവർത്തിക്കുമ്പോള്‍ ക്വാണ്ടം പ്രൊസസ്സറുകള്‍ ക്വിബിറ്റുകള്‍ (1,0 ഇവ രണ്ടും ചേര്‍ന്ന മൂന്നാമത്തെ അവസ്ഥ)അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുക.
സാധാരണ പ്രൊസസ്സറുകള്‍ തണുപ്പിക്കാന്‍ ഫാനുകള്‍ അല്ലെങ്കില്‍ ലിക്വിഡ് കൂളിങ് സംവിധാനം മതിയെങ്കില്‍ ക്വാണ്ടം പ്രൊസസ്സറുകള്‍ പ്രവത്തിക്കാന്‍ പൂജ്യം ഡിഗ്രി താപനില ആവശ്യമാണ്. ഇത് പ്രവര്‍ത്തിക്കാന്‍ ഇലക്ട്രോണിക് സിഗ്നലുകളോടൊപ്പം മൈക്രോവേവ് സിഗ്നലുകളും ആവശ്യമാണ്.
നാനോ ടെക്നോളജി ഉപയോഗിച്ചാണ് ഇത്തരം കമ്പ്യൂട്ടര്‍ പ്രൊസസ്സറുകള്‍ നിർമിക്കുന്നത്. ഇത് നിയന്ത്രിക്കുന്നതിനും പ്രോഗ്രാം ചെയ്യുന്നതിനും പ്രത്യേകം സോഫ്റ്റ് വെയറും ആവശ്യമാണ്. ഇവയെല്ലാം നിർമിക്കാന്‍ ആവശ്യമായ സംവിധാനങ്ങളും ഗവേഷണ കേന്ദ്രങ്ങളും ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡേറ്റാ സെന്ററും ഉൾക്കൊള്ളുന്നതാണ് ഹെസർഘട്ടയില്‍ സ്ഥാപിക്കുന്ന ക്വാണ്ടം സിറ്റി. നാളെയുടെ സാങ്കേതിക വിദ്യയിലേക്കുള്ള ഒരു കവാടമാണ് ഇതുവഴി കര്‍ണാടക സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

