സഹപാഠിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിൽപോയ യുവാവ് അറസ്റ്റിൽ
text_fieldsകൃഷ്ണ റാവു
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ പുത്തൂർ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ലൈംഗിക പീഡന കേസിൽ ഒളിവിൽപോയ പ്രതിയെ മൈസൂരുവിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി സഹപാഠിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇര പ്രസവിച്ചതിനെത്തുടർന്ന് ഒളിവിൽ പോവുകയും ചെയ്ത യുവാവിനെയാണ് പുത്തൂർ പൊലീസ് മൈസുരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.
മുതിർന്ന ബി.ജെ.പി നേതാവ് പി.ജി. ജഗന്നിവാസ റാവുവിന്റെ മകൻ കൃഷ്ണ ജെ. റാവുവാണ് (21) അറസ്റ്റിലായത്. സഹപാഠിയായ ന്യൂനപക്ഷ സമുദായത്തിലെ ബി.എസ്സി വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി ഇര പ്രസവിച്ചതിനെത്തുടർന്ന് ഒളിവിൽ പോകുകയായിരുന്നു.
പെൺകുട്ടിയുടെ ഹൈസ്കൂൾ സഹപാഠിയും നിലവിൽ കോളജ് വിദ്യാർഥിയുമാണ് കൃഷ്ണ. ഇരയുമായി ബന്ധം സ്ഥാപിച്ച് ആളില്ലാത്ത നേരത്ത് തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തുവെന്നാണ് കേസ്. പെൺകുട്ടി ഗർഭിണിയാകുകയും ഈയിടെ ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം 11ന് പുത്തൂർ വനിത പൊലീസ് സ്റ്റേഷനിലാണ് ആദ്യ പരാതി ഫയൽ ചെയ്തത്. ആ സമയം പ്രതിയുടെ പിതാവ് പൊലീസിന് രേഖാമൂലം നൽകിയ മൊഴിയിൽ ജൂൺ 23ന് 21 വയസ്സ് തികഞ്ഞാൽ കൃഷ്ണൻ പെൺകുട്ടിയെ വിവാഹം കഴിക്കുമെന്ന് ഉറപ്പുനൽകി.
വിവാഹം നടന്നില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, കൃഷ്ണക്ക് 21 വയസ്സ് തികഞ്ഞപ്പോൾ അയാൾ ഇരയെ വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു. തുടർന്ന്, ജൂൺ 24ന് അതിജീവത വീണ്ടും പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് കൃഷ്ണ ഒളിവിൽ പോകുകയും പൊലീസ് തിരച്ചിൽ ആരംഭിക്കുകയുമായിരുന്നു.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് പി.ജി. ജഗന്നിവാസ റാവുവിനെ മഹാവീർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡിവൈ.എസ്.പി അരുൺ നാഗെഗൗഡ ആശുപത്രി സന്ദർശിച്ച് അദ്ദേഹത്തിന്റെ അവസ്ഥ വിലയിരുത്തുകയും കൃഷ്ണയെ കണ്ടെത്തുന്നതിൽ സഹകരിക്കാൻ കുടുംബത്തോട് അഭ്യർഥിക്കുകയും ചെയ്തു.
പ്രതിയും മറ്റു മൂന്നുപേരും കാറിനുള്ളിൽ നിൽക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ജനരോഷം ശക്തമായി. വിവിധ സാമൂഹിക സംഘടനകളിൽനിന്നും ഗ്രൂപ്പുകളിൽനിന്നുമുള്ള വർധിച്ചുവരുന്ന സമ്മർദത്തെത്തുടർന്ന് പ്രതികളെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘം രൂപവത്കരിക്കുകയായിരുന്നു.
വെള്ളിയാഴ്ച പി.ജി. ജഗന്നിവാസ റാവു ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിന് തൊട്ടുപിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ അദ്ദേഹത്തെയും കൂടെ കൊണ്ടുപോയി. ഒടുവിൽ എസ്.ഐ.ടി സംഘം മൈസൂരുവിന് സമീപം കൃഷ്ണയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

